ന്യൂഡല്‍ഹി:വിവാഹ വാഗ്‌ദാനം നല്‍കി അമേരിക്കന്‍ വനിതയെ ബലാത്സംഗത്തിനിരയാക്കി. ആഗ്രയില്‍ ഹോം സ്‌റ്റേ നടത്തിവരുന്ന ഗഗൻദീപ് (32) എന്നയാളാണ് ആദ്യം സൗഹൃദം നടിച്ചും തുടര്‍ന്ന് വിവാഹം വാഗ്‌ദാനം നല്‍കിയും 62 കാരിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ സ്‌ത്രീയുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:ഗഗൻദീപിന് ആഗ്രയിൽ ഒരു ഹോം സ്‌റ്റേയുണ്ട്. 2017 ല്‍ അമേരിക്കന്‍ വനിത ഇന്ത്യയിലെത്തിയപ്പോള്‍ താമസിച്ചിരുന്നത് ഗഗന്‍ദീപിന്‍റെ ഹോം സ്‌റ്റേയിലായിരുന്നു. ഇവിടത്തെ താമസം വഴി ഇവര്‍ സുഹൃത്തുക്കളാവുകയും കൂടുതല്‍ അടുക്കുകയും ചെയ്‌തു. ഇതിനെ തുടര്‍ന്ന് ഇവര്‍ പലപ്പോഴായി ഇന്ത്യയിലെത്തുകയും ഇയാളെ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു. ഈ സമയത്ത് ഗഗന്‍ദീപ് ഇവര്‍ക്ക് വിവാഹ വാഗ്‌ദാനം നല്‍കുകയും പലതവണ ഇവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തിരുന്നു.
ഇത്തരത്തില്‍ ഒരുതവണ ഷഹ്‌ദാരയിലെ സുര്‍ജമാല്‍ വിഹാറിലേക്ക് കൂട്ടിക്കൊണ്ടുപോയും മറ്റൊരിക്കല്‍ അമൃത്‌സറിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കൊണ്ടുപോയി ശാരീരിക ബന്ധത്തിലേർപ്പെട്ടുവെന്നും യുവതി പരാതിയില്‍ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഗഗൻദീപിന്‍റെ കുടുംബത്തിന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഒടുവില്‍ ചതിക്കുകയാണെന്ന് മനസിലായതോടെയാണ് ഇവര്‍ തങ്ങളെ സമീപിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കേസെടുത്ത് പൊലീസ്:സംഭവത്തില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 328 (വിഷം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ മുതലായവ) വകുപ്പുകൾ പ്രകാരം മെയ് നാലിന് വിവേക് വിഹാർ പൊലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്‌റ്റർ ചെയ്‌തു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയായ ഗഗൻദീപിനെ ആഗ്രയിൽ നിന്ന് മെയ് ആറിന് അറസ്‌റ്റ് ചെയ്‌തു. സംഭവത്തെക്കുറിച്ച് ഇന്ത്യയിലെ യുഎസ് എംബസിയെ വിവരമറിയിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സമയമായതിനാലും സംഭവത്തില്‍ വിദേശി ഉൾപ്പെട്ടതിനാലും പൊലീസ് ഗൗരവമായി കേസ് പിന്തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തും വിദേശ വനിതയ്‌ക്കുനേരെ അതിക്രമം:അടുത്തിടെ സംസ്ഥാനത്തും വിദേശ വനിതയ്‌ക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഭവം നടന്നിരുന്നു. യുകെയില്‍ നിന്നെത്തിയ തനിക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായെന്ന 25 കാരിയുടെ പരാതിയില്‍ പൊലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 എ, 354 ഡി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.
ഇക്കഴിഞ്ഞ ജനുവരി 31 ന് പ്രതികള്‍ തനിക്ക് അശ്ലീല സന്ദേശങ്ങളയച്ചുവെന്നും തുടര്‍ന്ന് റിസോര്‍ട്ടില്‍ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. തിരുവനന്തപുരത്തെത്തിയ യുവതി യാത്രയ്ക്കായി മുഖ്യപ്രതിയുടെ ടാക്‌സി വിളിച്ചു. ഇതുവഴിയാണ് ഇവര്‍ക്ക് യുവതിയുടെ ഫോണ്‍ നമ്പര്‍ ലഭിക്കുന്നതെന്നും തുടര്‍ന്ന് ഇവര്‍ക്കൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ട് മൊബൈല്‍ ഫോണ്‍ വഴി ശല്യപ്പെടുത്തലാരംഭിച്ചുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
യുവതി എതിര്‍ത്തതോടെ റിസോര്‍ട്ടില്‍ നിന്ന് ബീച്ചിലേക്ക് പോകുന്ന വഴിയില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കാന്‍ പ്രതികള്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അപ്പോള്‍ തന്നെ റിസോര്‍ട്ടിലെ ഷെഫിനോട് പറഞ്ഞിരുന്നുവെന്നും സംഭവത്തിന് അദ്ദേഹം സാക്ഷിയാണെന്നും യുവതി പൊലീസിനെ അറിയിക്കുകയായിരുന്നു.