ചണ്ഡീഗഡ്:അമരീന്ദര്‍ സിങിന്‍റെ പുതിയ പാര്‍ട്ടി ഉടനെന്ന് ആവര്‍ത്തിച്ച് അദ്ദേഹത്തിന്‍റെ സന്തത സഹചാരിയും മാധ്യമ ഉപദേഷ്ടാവുമായ രവീണ്‍ തുക്രാല്‍. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സ്വന്തം പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി ഉടനെന്ന് ആവര്‍ത്തിച്ച് തുക്രാലും ട്വീറ്റ് ചെയ്തത്.
കര്‍ഷക സമര താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപി തയ്യാറായാല്‍ പാര്‍ട്ടിയുമായി നീക്കുപോക്കിന് തന്‍റെ പാര്‍ട്ടി തയ്യാറാകുമെന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസമാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോണ്‍ഗ്രസ് നേതാവ് നവജ്യേത് സിങ് സിദ്ദുവുമായി നാളുകളായി തുടരുന്ന പ്രശ്നങ്ങള്‍ ഇതോടെ മറനീക്കി പുറത്ത് വരികയായിരുന്നു.
പ്രശ്നത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒടുവില്‍ ദലിത് നേതാവു കൂടിയായ ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ദലിത് വിഭാഗത്തില്‍ നിന്നും ഒരു മുഖ്യമന്ത്രിയുണ്ടാകുന്നത്.
Also Read:റായ്‌ബറേലിയിൽ നിന്നോ അമേഠിയിൽ നിന്നോ മത്സരിക്കേണ്ടിവരുമെന്ന് പ്രിയങ്ക ഗാന്ധി
പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചെങ്കിലും അമരീന്ദര്‍ സിങുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ സിങ് ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ അമിത് ഷായുടെ വസതിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച സിങ് കര്‍ഷക സമരം ചര്‍ച്ച ചെയ്യാനാണ് എത്തിയത് എന്നായിരുന്നു പ്രതികരിച്ചത്.
സിങിനെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്ത വരുന്നതിനിടെ താന്‍ ബിജെപിയില്‍ ചേരില്ലെന്ന നിലപാടുമായി അദ്ദേഹം തന്നെ രംഗത്ത് എത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെ ആക്രമിക്കാതിരുന്ന സിങ് ഹൈക്കമാന്‍റ് നല്ല തീരുമാനങ്ങള്‍ എടുക്കുമെന്നും ആവര്‍ത്തിച്ചിരുന്നു.
ഇതിനിടെയാണ് പെട്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരണങ്ങളുമായി രംഗത്ത് എത്തിയത്. പാർട്ടിക്കുള്ളിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്ത നേതൃത്വം, ആ കൃത്യനിർവഹണമില്ലായ്‌മ മറച്ചുവയ്‌ക്കുന്നതിനായി പെരും നുണകൾ പടച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.