ശ്രീകാകുളം (ആന്ധ്രാപ്രദേശ്): അസ്വസ്ഥതകളെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജിലെ ഹോസ്‌റ്റലില്‍ താമസിക്കുന്ന 300 ഓളം ഐഐഐടി വിദ്യാര്‍ഥികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശ്രീകാകുളം ജില്ലയിലെ എച്ചർലയിലുള്ള രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് നോളജ് ആന്‍റ് ടെക്‌നോളജിയിലെ ഹോസ്‌റ്റലില്‍ താമസിക്കുന്ന 300 ഓളം ഐഐഐടി വിദ്യാര്‍ഥികളെയാണ് ഭക്ഷ്യ വിഷബാധയെന്ന സംശയത്തോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അസ്വസ്ഥതകള്‍ കണ്ട ഭൂരിഭാഗം കുട്ടികളെയും യൂണിവേഴ്‌സിറ്റി കാമ്പസിലെ ഡിസ്‌പന്‍സറിയിലും കുറച്ചുപേരെ പ്രദേശത്തെ മറ്റ് ആശുപത്രികളിലേക്കും മാറ്റി.
സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്‌ടര്‍ ശ്രീകേഷ് ബി ലത്‌കര്‍, ആര്‍ഡിഒ ബി.ശാന്തി, ജില്ലാ മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ബോദേപ്പള്ളി മീനാക്ഷി എന്നിവര്‍ ഐഐഐടി കാമ്പസിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു. കാമ്പസും, അകത്തുള്ള മെസ്സുകള്‍, ഡോര്‍മെറ്ററികള്‍ ക്ലാസ്‌മുറികള്‍ എന്നിവ സംഘം പരിശോധിക്കുകയും അസുഖ ബാധിതരായ കുട്ടികളുമായി വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു. ഭക്ഷണമോ വെള്ളമോ മലിനമാണോ എന്ന് പരിശോധിക്കാന്‍ സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളിലേക്കും അയച്ചു.