പനാജി:സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തിലേറിയാൽ സൗജന്യമായി ഇലക്‌ട്രിസിറ്റി നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത് അരവിന്ദ് കെജ്‌രിവാൾ. പ്രതിമാസം ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഗോവയിൽ 40 അംഗ നിയമസഭയിലേക്ക് 2022 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യമായി ഇലക്‌ട്രിസിറ്റി ലഭിക്കുമെങ്കിൽ എന്തുകൊണ്ട് ഗോവയിലെ ജനങ്ങൾക്ക് ലഭിച്ചുകൂടെന്ന് അദ്ദേഹം ചോദിച്ചു. ഗോവ തീരദേശ സംസ്ഥാനമായിരുന്നിട്ടും സംസ്ഥാനത്ത് പതിവായി വൈദ്യുതി ക്ഷാമമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിൽ നിന്നും മറ്റ് രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയിലെത്തിയ രാഷ്‌ട്രീയ നേതാക്കൾക്കെതിരെയും അരവിന്ദ് കെജ്‌രിവാൾ ആരോപണം ഉന്നയിച്ചു.