ന്യൂഡൽഹി: കൗൺസിലർ സീറ്റ് വാഗ്‌ദാനം ചെയ്‌ത് കോഴ ആവശ്യപ്പെട്ട് പണം തട്ടിയ കേസിൽ എഎപി എംഎൽഎ അഖിലേഷ് പതി ത്രിപാഠി വ്യാഴാഴ്‌ച എസിബിയ്ക്ക് (ആന്‍റി കറപ്‌ഷൻ ബ്യൂറോ) മുൻപിൽ ഹാജരായി. നഗരസഭ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകയായ ശോഭ ഖാരിയ്ക്ക് കൗണ്‍സിലര്‍ സീറ്റ് നല്‍കുന്നതിനായി എംഎല്‍എ 90 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആദ്യ ഗഡുവായി 55 ലക്ഷം രൂപ കൈമാറിയെങ്കിലും ഖാരിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് പരാതി. കേസിൽ ഭാര്യ സഹോദരന്‍ ഓം സിങ്, പേഴ്‌സണല്‍ സ്റ്റാഫ് ശിവശങ്കര്‍ എന്നിവരെ ചൊവ്വാഴ്‌ച പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
രാവിലെ 11 മണിക്ക് ഹാജരായ ത്രിപാഠിയെ ചോദ്യം ചെയ്‌തുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ശോഭ ഖാരിയുടെ ഭർത്താവ് ഗോപാൽ ഖാരി എസിബിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. കൈക്കൂലി തുക തിരികെ നൽകുന്നതിനിടയിൽ താൻ നടത്തിയ ഇടപാടുകളുടെ ഓഡിയോ, വീഡിയോ റെക്കോർഡിങ്ങുകളും പരാതിക്കാരൻ സമർപ്പിച്ചിട്ടുണ്ട്.