തിരുവനന്തപുരം : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ എ.ജി പേരറിവാളനെ നേരത്തേതന്നെ മോചിപ്പിക്കേണ്ടതായിരുന്നുവെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് കെ.ടി തോമസ്. കേസിൽ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് 30 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ പേരറിവാളനെ ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി വിട്ടയച്ചത്. പേരറിവാളനായി സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാൻ തമിഴ്‌നാട് ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിത് ഏറെ സമയമെടുത്തെന്ന് സുപ്രീം കോടതി വിധി പ്രസ്‌താവിക്കുന്നതിനിടെ വിമര്‍ശിച്ചിരുന്നു.
കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് 14 വർഷത്തെ ജയിൽവാസത്തിന് ശേഷം ഇളവ് നൽകണമായിരുന്നുവെന്ന് 1999ൽ പേരറിവാളന്‍റെയും മറ്റ് മൂന്ന് പേരുടെയും വധശിക്ഷ ശരിവച്ച സുപ്രീം കോടതി ബഞ്ചിന്‍റെ തലവനായ ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. പേരറിവാളന് ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവ് കേസിലെ മറ്റ് പ്രതികൾക്കും ബാധകമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സോണിയ ഗാന്ധിക്ക് കത്തെഴുതി, മറുപടിയില്ല' : പേരറിവാളൻ ഉൾപ്പടെയുള്ളവരുടെ ശിക്ഷ ഇളവ് ചെയ്യുന്നതിനായി രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കണമെന്നാവശ്യപ്പെട്ട് 2017ൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് താൻ കത്തെഴുതിയിരുന്നു. കത്തിൽ പേരറിവാളന് വേണ്ടി മാത്രമല്ല, കേസിലെ എല്ലാ പ്രതികൾക്ക് വേണ്ടിയും അഭ്യർഥന നടത്തി. എല്ലാ പ്രതികളുടെയും നേരത്തെയുള്ള മോചനം പരിഗണിക്കണമെന്ന് സോണിയ ഗാന്ധിയോട് കത്തിൽ ആവശ്യപ്പെട്ടിരുന്നു. സോണിയ ഗാന്ധി രാഷ്‌ട്രപതിക്ക് അയക്കുന്ന കത്ത് മറ്റ് ആരിൽ നിന്നുമുള്ളതിനേക്കാളും ഫലം നൽകുമെന്ന് പറഞ്ഞിരുന്നതായും ജസ്റ്റിസ് തോമസ് പറഞ്ഞു. എന്നാൽ താൻ അയച്ച കത്തിന് സോണിയ ഗാന്ധി മറുപടി നൽകിയില്ലെന്നും അദ്ദേഹം പറയുന്നു.
'ഗാന്ധി വധക്കേസിലെ പ്രതിയെ വിട്ടയച്ചു' : 1991ലെ രാജീവ് ഗാന്ധിയുടെ കൊലപാതകം നിരവധി പേർ മരിക്കാനിടയായ ഒരു അപൂർവ സംഭവമായിരുന്നു. സംഭവത്തിനിടെ കൊലപാതകിയും മരിച്ചു. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പേരറിവാളൻ ഉൾപ്പടെയുള്ള പ്രതികളെ ശിക്ഷിച്ചത്. മഹാത്മാഗാന്ധി വധക്കേസിൽ നാഥുറാം ഗോഡ്‌സെയും ഗൂഢാലോചനയിൽ ഗോപാൽ ഗോഡ്‌സെയും ഉൾപ്പെട്ടിരുന്നു. ഗോപാൽ ഗോഡ്‌സെയെ 14 വർഷത്തെ തടവിന് ശേഷം കേന്ദ്ര സർക്കാർ വിട്ടയച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിലും ഇതുതന്നെ ചെയ്യാമായിരുന്നു. അതാണ് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ താൻ പറഞ്ഞതെന്നും ജസ്റ്റിസ് കെ.ടി തോമസ് വിശദീകരിച്ചു.