ന്യൂഡല്‍ഹി:കേരള പിറവി ദിനത്തില്‍ മുണ്ട് ധരിച്ചെത്തിയ മലയാളി വിദ്യാര്‍ഥികളെ ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാമ്പസില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് എഎ റഹീം എംപി. വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇടപെടണമെന്ന് എഎ റഹീം കത്തില്‍ ആവശ്യപ്പെട്ടു.
'മദ്യപിച്ചെത്തിയ അക്രമി സംഘം വിദ്യാർഥികളെ അവരുടെ വസ്‌ത്രധാരണത്തിന്‍റെ പേരില്‍ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. അവര്‍ ചികിത്സയിലാണ്. ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലയിലെ ക്യാമ്പസില്‍ ഇത്തരമൊരു ആക്രമണം നടന്നത് ലജ്ജാകരമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ആക്രമികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണം', എഎ റഹീം കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, ഡന്‍ഹി സര്‍വകലാശാലയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് എസ്‌എഫ്‌ഐ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ക്യാമ്പസിലെ വലതുപക്ഷ ശക്തികളുടെ ആക്രമണത്തിന് പലതവണ ഇരയായിട്ടുണ്ട്. പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കും ഇവിടെ ഹോസ്‌റ്റല്‍ മുറികള്‍ നിഷേധിക്കപ്പെടുന്നുണ്ടെന്നും എസ്‌എഫ്‌ഐ പ്രസ്‌താവനയില്‍ പറഞ്ഞു.
സര്‍വകലാശാല ക്യാമ്പസില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമെന്ന് ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്‍റ് യൂണിയന്‍ (എബിവിപി) പറഞ്ഞു. 'കഴിഞ്ഞ ദിവസം ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു. സംഭവം അപലപനീയമാണ്. വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കുന്നതിനായി അടിയന്തരവും നീതിയുക്തവുമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്', സ്റ്റുഡന്‍റ് യൂണിയന്‍ പ്രസിഡന്‍റും എബിവിപി സംസ്ഥാന സെക്രട്ടറിയുമായ അക്ഷിത് ദാഹിയ പ്രസ്‌താവനയിൽ പറഞ്ഞു.