ന്യൂഡല്‍ഹി: 'ഭായിയോം ഓര്‍ ബഹനോം' (സഹോദരീ സഹോദരന്മാരെ), 'മേരേ പ്യാരേ ദേശ്‌വാസിയോം' (എന്‍റെ പ്രിയപ്പെട്ട നാട്ടുകാരെ) തുടങ്ങിയ പതിവ് പ്രയോഗങ്ങള്‍ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ നിന്നും മാറ്റിപ്പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ സദസിലെത്തിയ പ്രധാന മന്ത്രി 'മേരെ പരിവാര്‍ ജനോം...' (എന്‍റെ കുടുംബാംഗങ്ങളെ..) എന്നായിരുന്നു അഭിസംബോധന ചെയ്‌തത്. ഉടനീളം ഇക്കാര്യം ശ്രദ്ധിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
2014-ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്ര മോദിയുടെ ഇത് തുടര്‍ച്ചയായ പത്താം വര്‍ഷമാണ് സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ ശൈലിയിലുള്ള തലപ്പാവ് ധരിച്ചായിരുന്നു മോദി ചെങ്കോട്ടയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‍റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് രാജ്‌ഘട്ടിലെത്തി പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് വന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായ ധീരഹൃദയര്‍ക്ക് ആദരാഞ്ജലി നേര്‍ന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ സ്വാതന്ത്ര്യ ദിന പ്രസംഗം ആരംഭിച്ചത്.
പ്രസംഗത്തിനിടെ മണിപ്പൂരിനെയും പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. കലാപരൂക്ഷിതമായ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോദി വ്യക്തമാക്കി. 'മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യം. ഹിംസാത്മക പ്രവര്‍ത്തനങ്ങളാണ് അവിടെയുണ്ടായത്.