ന്യൂഡൽഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ഓക്സിജൻ ക്ഷാമത്തിന്‍റെ കഥകൾ പുറത്ത് വരുമ്പോഴും ദിനം പ്രതി 7500 മെട്രിക് ടൺ ഓക്സിജൻ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും 6,600 മെട്രിക് ടൺ മെഡിക്കൽ ആവശ്യങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ നീക്കി വക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ വിതരണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
വ്യവസായ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണം പരിമിതപ്പെടുത്തി മെഡിക്കൽ ആവശ്യത്തിന് വിതരണം ചെയ്യുന്ന ഓക്സിജന്‍റെ അളവ് വർധിപ്പിക്കുമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വഴി സംസ്ഥാന സർക്കാരുകൾക്ക് അവർ നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കാമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. ഓക്സിജന്‍റെ കുറവ് കണക്കിലെടുത്ത് ഒൻപത് മേഖലകളിലൊഴികെയുള്ള വ്യവസായ മേഖലകളിലെ ഓക്സിജൻ വിതരണം ഞായറാഴ്ച നിരോധിച്ചിരുന്നു.