ഭുവനേശ്വർ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്കാളിത്തം വഹിച്ച ഒരു വിഭാഗമാണ് ഒഡിഷയിലെ ആദിവാസി സമുദായം. രാജ്യം 75-ാമത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ അറിയപ്പെടാതെ പോകുന്ന ഇവരുടെ സംഭാവനകളെ പൊതു സമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ടതായുണ്ട്.
1942ൽ മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം ചെയ്യുമ്പോൾ 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുക എന്നതു മാത്രമായിരുന്നു ഗാന്ധിയുടെ മനസിലുണ്ടായിരുന്നത്. ഒഡിഷയിലെ ഖൊരാപുട്ട് പ്രദേശത്തെ ആദിവാസി സമൂഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ ശക്തമായ പങ്കാളിത്തമാണ് നടത്തിയത്.
മതിലി പൊലീസ് സ്റ്റേഷൻ സംഘർഷത്തിൽ മരിച്ചത് നൂറ് കണക്കിന് പേർ
ധീരപോരാളിയായ ലക്ഷ്‌മൺ നായക്കിന്‍റെ നേതൃത്വത്തിലുള്ള ആദിവാസി സമൂഹം മതിലി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ നൂറ് കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്‌തു. ഈ കലാപം ബ്രിട്ടന് ഇന്ത്യൻ ക്വിറ്റ് ഇന്ത്യ പ്രതിഷേധത്തിന്‍റെ വലിയ സന്ദേശമാണ് നൽകിയത്.
ക്വിറ്റ് ഇന്ത്യ സമരത്തിൽ ഖൊരാപുട്ട് സമുദായത്തിന്‍റെ പങ്കാളിത്തം വളരെ വലുതാണെന്നും ഒഡിഷയിൽ ക്വിറ്റ് ഇന്ത്യ സമര വിജയത്തിന് ഇവർക്കുള്ള പങ്ക് വലുതാണെന്നും സർവോദയ പ്രവർത്തകനായ കൃഷ്‌ണ സിങ് പറഞ്ഞു.
ചരിത്രത്താളിൽ നിന്ന് മറന്നുപോകുന്ന പോരാളികൾ
നൂറുകണക്കിന് ഗോത്രവർഗക്കാരുടെ പരിശ്രമവും ത്യാഗവും മൂലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം സാധ്യമായതെങ്കിലും ബ്രിട്ടീഷുകാർ തൂക്കിലേറ്റി രക്തസാക്ഷിയായവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. ഇത്തരത്തിൽ നിരവധി പേരാണ് ചരിത്രത്തിന്‍റെ താളുകളിൽ നിന്ന് അപ്രത്യക്ഷമായത്.
ലക്ഷ്‌മൺ നായക്കിന്‍റെ ജന്മസ്ഥലമായ തെന്‍റുലിഗമ്മിലെ അറിയപ്പെടാതെ പോകുന്ന പോരാളികൾക്ക് അർഹമായ ബഹുമതി നൽകണമെന്നാണ് ഈ പ്രദേശത്തെ ആളുകളുടെ ആവശ്യം. എല്ലാവരും ലക്ഷ്‌മൺ നായക്കിനെ അറിയുമെന്നും എന്നാൽ അദ്ദേഹത്തോടൊപ്പം ജീവൻ ത്യജിച്ച ഒരുപാട് രക്തസാക്ഷികളപ്പറ്റി അറിവില്ലെന്നും ഖൊരാപുട്ട് മുൻ ജില്ല കലക്‌ടർ ഗദാധർ പരിദ പറഞ്ഞു. അതേ സമയം മൈതിനിയിൽ താമസിക്കുന്നവർക്ക് പോലും മുഴുവനായും ഈ രക്തസാക്ഷികളെ അറിയില്ലെന്നും ഈ അറിയപ്പെടാതെ പോകുന്ന അവസ്ഥ നീതി നിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.