ഹിസാർ: 1857 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്‌ക്കെതിരായി രാജ്യത്തിന്‍റെ ധീര യോദ്ധാക്കള്‍ നേതൃത്വം നല്‍കിയ ഒന്നാം സ്വാതന്ത്ര്യ സമരമാണ്, ഒരു നൂറ്റാണ്ട് പഴക്കമുള്ള വിദേശ ആധിപത്യത്തെ അഗ്‌നിക്കിരയാക്കിയ തീപ്പൊരിയായി മാറിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തങ്ങളുടെ പരമാധികാരത്തിന് കീഴിലാക്കിയ കമ്പനി ക്രൂരതയ്ക്കെതിരായ പോരാട്ടത്തില്‍ ആയിരക്കണക്കിന് പേരാണ് രക്തസാക്ഷികളായത്. സ്വാതന്ത്ര്യ സമര സേനാനികള്‍ ബ്രിട്ടീഷ് സൈന്യത്തിന് എതിരെ പൊരുതിനിന്നപ്പോള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുകയായിരുന്നു ആ സാമ്രാജ്യത്വ അധിനിവേശം.
വിമത സേനയെ നയിച്ചത് മുഗൾ ചക്രവർത്തിയുടെ കുടുംബാംഗം
ഹരിയാനയിലെ ഹിസാറാണ് ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് ഹ്രസ്വകാലത്തേക്കാണെങ്കിലും രാജ്യത്ത് ആദ്യം സ്വാതന്ത്ര്യം രുചിച്ചയിടം. 1857 മേയ് 29 നാണ് വിമത സേന, ഹിസാർ പിടിച്ചെടുത്ത് സ്വതന്ത്ര സ്ഥലമായി പ്രഖ്യാപിച്ചത്. ഹിസാറിൽ എല്ലാ ബ്രിട്ടീഷ് പട്ടാളക്കാരെയും വിപ്ലവകാരികൾ വധിക്കുകയോ തടവിലാക്കുകയോ ചെയ്തുവെങ്കിലും അതില്‍ ഒരാൾ രക്ഷപ്പെടുകയും സംഭവത്തെ ക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയുണ്ടായി.
ബ്രിട്ടീഷ് സൈന്യം ഉടൻ തന്നെ പുനഃസംഘടിക്കുകയും വിമത സേനയെ ആക്രമിക്കാൻ പദ്ധതിയിടുകയും ചെയ്തു. അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിന്‍റെ കുടുംബത്തിൽപ്പെട്ട അസം ഖാനാണ് വിമത സേനയെ നയിച്ചത്. വിപ്ലവകാരികളുടെ കൈവശം പരമ്പരാഗത ആയുധങ്ങളുണ്ടായിരുന്നെങ്കിലും ബ്രിട്ടീഷ് സൈന്യം തോക്കുകളും പീരങ്കികളും കൊണ്ട് സായുധരായിരുന്നു. ബ്രിട്ടീഷ് സൈന്യം കോട്ടയ്ക്കകത്തായിരുന്നു എന്നതുകൊണ്ടുതന്നെ പോരാട്ടം നടത്താന്‍ അവര്‍ക്ക് എളുപ്പമായിരുന്നു.