ഹർദ (മധ്യപ്രദേശ്) :ഇന്ത്യയെ കൊളോണിയൽ ശക്തികളിൽ നിന്ന് മോചിപ്പിക്കാൻ സത്യത്തിന്‍റെയും അഹിംസയുടെയും തത്വങ്ങളെ മുറുകെപ്പിടിച്ച് സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടൊപ്പം അക്ഷീണം പ്രയത്നിച്ച നിരവധി സമരനായകരുണ്ട്. അത്തരത്തിൽ ഹർദയിലെ സോക്കൽ കുടുംബത്തിനും സമരനാളുകളിൽ ഗാന്ധിജിയോടൊപ്പം മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ചരിത്രകഥകളെക്കുറിച്ച് പറയാനുണ്ട്.
സോക്കൽ കുടുംബാംഗങ്ങളായ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ചമ്പലാൽ ശങ്കർ, അദ്ദേഹത്തിന്‍റെ പിതാവ് തുളസിറാം സോക്കൽ എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ചവരാണ്. ഹർദയിലെ സമരയജ്ഞങ്ങളിൽ നിരവധി കുടുംബങ്ങൾ ഉൾപ്പെട്ടിരുന്നുവെങ്കിലും ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ സോക്കൽ കുടുംബം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ അടുപ്പം കൊണ്ടുതന്നെ, 1933 ഡിസംബർ എട്ടിന് ഗാന്ധിജിയുടെ സന്ദർശനവേളയിൽ ഹർദ നിവാസികൾ അദ്ദേഹത്തിന് വൻ സംഭാവനകൾ നൽകി. 1933ലെ ഗാന്ധിജിയുടെ ഹർദ സന്ദർശനത്തിന്‍റെ ഓർമകൾ ഇന്നും നെഞ്ചേറ്റുകയാണ് സോക്കൽ കുടുംബത്തിലെ പിൻതലമുറക്കാർ.
ചമ്പലാൽ ശങ്കറിന്‍റെ രണ്ട് പെൺമക്കൾക്ക് ഇപ്പോൾ 90ഉം 80ഉം വയസ് പ്രായമായി. ഹരിജൻ ക്ഷേമത്തിനായുള്ള ക്യാംപയിനിന്‍റെ ഭാഗമായാണ് ഗാന്ധിജി ഹർദ സന്ദർശിച്ചത്. ആ ദിവസത്തെക്കുറിച്ച് അനുസ്മരിക്കുകയാണ് സോക്കൽ സഹോദരിമാർ.