വാരാണസി (ഉത്തർപ്രദേശ്):ഇന്ത്യയെ കൊളോണിയൽ ശക്തികളിൽ നിന്ന് മോചിപ്പിക്കാൻ അക്ഷീണം പോരാടുകയും ഒടുവിൽ 1947 ഓഗസ്റ്റ് 15ന് അത് സാധ്യമാക്കുകയും ചെയ്‌ത അനവധി ധീരയോദ്ധാക്കളുടെ ചരിത്രങ്ങൾ നാം കേട്ടിട്ടുണ്ട്.
എന്നാൽ സ്വാതന്ത്ര്യസമര സേനാനികളെ പോലെത്തന്നെ നിരവധി സ്‌മാരകങ്ങളും രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത്തരത്തിൽ പുരാതന നഗരവും തീർത്ഥാടകരുടെ കേന്ദ്രവുമായ വാരാണസിയിൽ സ്ഥിതിചെയ്യുന്ന ‘ഭാരത് മാതാ മന്ദിർ’ സ്‌മാരകത്തിനും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രകഥ പറയാനുണ്ട്. മഹാത്മാഗാന്ധി കാശി വിദ്യാപീഠ ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന ഈ സ്‌മാരകത്തിലെ വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മാർബിൾ ഭൂപട പ്രദർശനം ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.
അഫ്‌ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ബർമ (ഇപ്പോൾ മ്യാൻമർ), സിലോൺ (ഇപ്പോൾ ശ്രീലങ്ക) എന്നീ മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു മാർബിൾ പ്രതലത്തിൽ നിർമിച്ചിരിക്കുന്ന ഈ അപൂർവ ഭൂപടം കെട്ടിടത്തിന്‍റെ മധ്യഭാഗത്തായാണ് സ്ഥാപിച്ചിട്ടുള്ളത്. വാസ്‌തുവിദ്യാ പ്രൗഢിയുടെ ഉത്തമ ഉദാഹരണമായ ഈ സ്‌മാരകം ചെങ്കല്ലും മക്രാന മാർബിളും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
ക്ഷേത്രങ്ങളുടെ നഗരമായ വാരാണസിയിൽ, സ്വതന്ത്ര ഇന്ത്യയ്‌ക്കായി പോരാടിയ ധീരയോദ്ധാക്കളുടെ ഒരു പ്രതിരോധ ക്ഷേത്രമായി, പ്രതിഷ്‌ഠകളില്ലാത്ത ഭാരത് മാതാ മന്ദിർ ഇന്നും നിലകൊള്ളുന്നു.
ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയ ചരിത്രം
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം ഒരു പുതിയ ദിശയിലേക്ക് നീങ്ങുമ്പോഴാണ് ക്ഷേത്രത്തിന്‍റെ നിർമാണം ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുന്നതിനായി ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി രണ്ട് വർഷത്തിന് ശേഷം 1917ലായിരുന്നു നിർമാണം.
സമ്പന്ന കുടുംബത്തിൽ ജനിച്ച് അർപ്പണബോധമുള്ള സ്വാതന്ത്ര്യസമരസേനാനിയായി മാറിയ ബാബു ശിവപ്രസാദ് ഗുപ്‌ത മന്ദിരത്തിന്‍റെ ആശയം വിഭാവനം ചെയ്യുകയും അതിന്‍റെ രൂപരേഖ തയാറാക്കി മഹാത്മാഗാന്ധിയെ കാണിക്കുകയുമായിരുന്നു. ഗാന്ധിയുടെ അംഗീകാരം ലഭിച്ച ശേഷം മന്ദിരം പൂർത്തിയാക്കാൻ അദ്ദേഹത്തിന് 12 വർഷം വേണ്ടിവന്നു. ദുർഗ പ്രസാദ് ഖത്രിയുടെ മേൽനോട്ടത്തിൽ 25 ശിൽപികളെയും 30 തൊഴിലാളികളെയും നിയമിച്ചാണ് ബാബു ശിവപ്രസാദ് ഗുപ്‌ത ഈ ക്ഷേത്രസ്‌മാരകം പണികഴിപ്പിച്ചത്. 1924ൽ പൂർത്തിയായ മന്ദിരം, സ്വാതന്ത്ര്യസമരത്തെ ത്വരിതപ്പെടുത്തുമെന്ന് ഭയന്ന് ബ്രിട്ടീഷുകാർ ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ വിസമ്മതിച്ച ചരിത്രവുമുണ്ട്.