പൂനെ: 'സ്വാതന്ത്ര്യം എന്‍റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും'- സ്വാതന്ത്ര്യസമര മുന്നേറ്റങ്ങൾക്ക് ലോകമാന്യ ബാലഗംഗാധര തിലക് സംഭാവന നൽകിയ ഈ അനശ്വര മുദ്രാവാക്യം ചരിത്രത്തെ സ്നേഹിക്കുന്ന ഒരു ഇന്ത്യൻ പൗരനും മറക്കാനാവില്ല.
അക്കാലത്തെ ഏറ്റവും സമൂലപരിഷ്‌കാരവാദിയായിരുന്ന അദ്ദേഹം ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് ആക്രമണാത്മക രീതികളിലൂടെ വാദിച്ചുകൊണ്ട് ജനപ്രിയനായി മാറി. വാക്കുകൾ കൊണ്ട് അധികാരിവർഗത്തെ വെല്ലുവിളിക്കുവാനും ജനങ്ങളെ ഉദ്‌ബോധിപ്പിക്കാനും എങ്ങനെ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ ബാലഗംഗാധര തിലക് തെളിയിച്ചു.
ബാലഗംഗാധര തിലക് എങ്ങനെ 'ഇന്ത്യൻ അശാന്തിയുടെ പിതാവ്' ആയിമാറി? ലോകമാന്യ തിലക്
1856 ജൂലൈ 23ന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാണ് ലോകമാന്യ തിലകിന്‍റെ ജനനം. 1866 മാതാപിതാക്കളോടൊപ്പം രത്നഗിരിയിൽ നിന്ന് പൂനെയിലെത്തിയ തിലക്, 1871ൽ കൊങ്കണിലെ ബല്ലാൾ ബാൽ കുടുംബത്തിൽ നിന്നും സത്യഭാമ ഭായിയെ വിവാഹം കഴിച്ചു. 1872ൽ പൂനെയിൽ നിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കി.
1876ൽ പൂനെ ഡെക്കാൻ കോളജിലെ ബിരുദ പഠനകാലത്താണ് അദ്ദേഹം ഗോപാൽ ഗണേഷ് അഗാർക്കറെ കണ്ടുമുട്ടിയത്. തുടർന്ന് അവിടെ നിന്നും ഇരുവരും ഒന്നിച്ച് സ്വാതന്ത്ര്യത്തിനായി പോരാടാൻ തീരുമാനിച്ചു.
തൂലിക പടവാളാക്കി
തുടർന്ന് 1881ൽ തിലകും അഗാർക്കറും ചേർന്ന് ഇംഗ്ലീഷിൽ 'കേസരി', മറാത്തിയിൽ 'മറാത്ത' എന്നിങ്ങനെ രണ്ട് പത്രങ്ങൾ പ്രസിദ്ധീകരിച്ചു. കേസരിയുടെ ആദ്യ എഡിറ്ററായി അഗാർക്കർ ചുമതലയേറ്റപ്പോൾ മറാത്തയുെട ചുമതല തിലക് ഏറ്റെടുത്തു. എന്നാൽ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ട തന്ത്രങ്ങളിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നതിനാൽ ഇരുവരും പിരിയുകയും രണ്ട് പത്രങ്ങളുടെയും ചുമതല തിലക് ഏറ്റെടുക്കുകയും ചെയ്‌തു.
1881നും 1920നും ഇടയിൽ ഇരുപത്രങ്ങളിലുമായി 513 ലേഖനങ്ങൾ തിലക് എഴുതി. ജനങ്ങൾക്കിടയിൽ ഇവയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും, പ്രകോപനപരമായ ലേഖനങ്ങൾ എഴുതുകയും അതുവഴി ബ്രിട്ടീഷ് സർക്കാരിനെ വിമർശിക്കുകയും ചെയ്തുവെന്ന പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചു.
എന്നാലും ബ്രിട്ടീഷിനെതിരായി തിലക് തന്‍റെ തൂലിക ആയുധമാക്കുന്നത് തുടർന്നു. ജനങ്ങളെ ബ്രിട്ടീഷുകാർക്കെതിരെ തിരിക്കാൻ കേസരിയും മറാത്തയും അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു. അതിനാൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ 'ഇന്ത്യൻ അശാന്തിയുടെ പിതാവ്' എന്ന് മുദ്രകുത്തി.
സ്വരാജ്യമെന്ന മന്ത്രം ജനങ്ങളിലേക്ക്
1905ലെ ആദ്യ ബംഗാൾ വിഭജനത്തിനുശേഷം രാജ്യത്തുടനീളം കലാപങ്ങളും പ്രക്ഷോഭങ്ങളും പൊട്ടിപ്പുറപ്പെട്ടു. പ്രസ്ഥാനത്തിന് ആക്കം കൂട്ടുന്നതിനായി 'സ്വദേശി, ബഹിഷ്‌കരണം, ദേശീയ വിദ്യാഭ്യാസം, സ്വരാജ്' എന്ന നാല് പ്രധാന മുദ്രാവാക്യങ്ങൾ തിലക് മുന്നോട്ടുവച്ചു. കൊളോണിയൽ ശക്തികൾക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം പൊതു ഗണേശോത്സവവും സംഘടിപ്പിച്ചു. അങ്ങനെ രാജ്യമെമ്പാടും ലോകമാന്യ തിലക് കൊളുത്തിയ സ്വരാജ്യമെന്ന ജ്വാല ആളിപ്പടർന്നു.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ലോകമാന്യ തിലക് എന്ന സമര സേനാനിയുടെ സ്മരണ ഇന്നും അനേകർക്ക് പ്രചോദനമായി മാറുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഉജ്ജ്വല നേതാവിന് ഇടിവി ഭാരത് ആദരവ് അർപ്പിക്കുന്നു.