ബംഗളൂരു:നീണ്ട 14 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം അര്‍ഹതപ്പെട്ട പെന്‍ഷന്‍ ആനുകൂല്യം കരസ്ഥമാക്കി 72കാരി. ജിപി സരോജനാമ്മയ്ക്കാണ് കോടതി വിധി അനുകൂലമായത്. കർണാടക സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളിൽ 25 വർഷം സേവനമനുഷ്ഠിച്ചയാളാണ് സരോജനാമ്മ. റൈച്ചൂർ ജില്ലയിലെ ലിംഗസൂർ നിവാസിയായ ഇവര്‍ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടും വിരമിക്കൽ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സരോജനാമ്മ കോടതിയെ സമീപിച്ചു.
Also Read:ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം: കൊവിഡ് പോരാട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അപേക്ഷ പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച്, അപേക്ഷകന്‍റെ സേവനം സ്ഥിരമാക്കണമെന്ന് ആവശ്യപ്പെട്ടു. 1992 മുതൽ ഉള്ള എല്ലാത്തരം റിട്ടയർമെന്‍റ് ആനുകൂല്യങ്ങളും പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 25 വർഷത്തെ സേവനം സ്വീകരിച്ചതിന് ശേഷം ജീവനക്കാരന് ഒന്നും നൽകാതെ സേവനത്തിൽ നിന്ന് വിരമിക്കുന്നത് ചൂഷണപരമാണ്. ഇത് ഒരു നല്ല തൊഴിലുടമയുടെ പെരുമാറ്റമല്ലെന്ന് കോടതി വ്യക്തമാക്കി.
ചട്ടം അനുസരിച്ച്, 10 വർഷമായി താൽക്കാലികമായി സേവനമനുഷ്ഠിച്ച ജീവനക്കാരെ സ്ഥിരം ജീവനക്കാരനായി നിയമിക്കണം. അപേക്ഷകയായ സ്ത്രീക്ക് സ്ഥിരം തസ്തികയ്ക്ക് അർഹതയുണ്ട്. എല്ലാ റിട്ടയർമെന്‍റ് ആനുകൂല്യങ്ങളും അടുത്ത നാല് മാസത്തിനുള്ളിൽ അടയ്ക്കുകയും സേവന കാലയളവ് കണക്കാക്കുകയും വേണമെന്ന് ബെഞ്ച് ഉത്തരവിട്ടു.