ഐസ്വാള്‍ : അസം - മിസോറാം അതിർത്തിയിൽ ജൂലൈ 26നുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച പൊലീസുകാരുടെ എണ്ണം ഏഴായി. ലൈലാപൂരിലെ അന്തർ സംസ്ഥാന അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രംഗം ശാന്തമാക്കാന്‍ ഇടപെട്ട അസം പൊലീസ് സേനയിലെ അംഗങ്ങള്‍ക്കാണ് ജീവഹാനിയുണ്ടായത്. 65 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണെന്നും അസം പൊലീസ് ഔദ്യോഗികമായി അറിയിച്ചു.
പൊലീസുകാരുടെ മരണത്തില്‍ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തിന്‍റെ അതിർത്തി സംരക്ഷിക്കാൻ വേണ്ടി പോരാടിയാണ് അവർ മരിച്ചതെന്ന് ഹിമാന്ത ബിശ്വ ട്വീറ്റ് ചെയ്‌തു. സംഭവത്തില്‍ ഇടപെടണമെന്ന് മിസോറാം മുഖ്യമന്ത്രിയോട് കഴിഞ്ഞ ദിവസം ഹിമാന്ത ആവശ്യപ്പെട്ടിരുന്നു.
അസമിന്‍റെ ഭാഗത്ത് നിന്ന് ഇനി പ്രകോപനപരമായ നീക്കങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും, അതിര്‍ത്തിയിലെ സംഘർഷം പരിഹരിക്കാൻ ഒന്നിച്ച് നിൽക്കണമെന്നും ഹിമാന്ത ബിശ്വ ശർമ മിസോറാം മുഖ്യമന്ത്രി സോറാംതാംഗയോട് പറഞ്ഞിരുന്നു. വൈറെൻഗ്‌ടെയില്‍ നിന്ന് പൊലീസിനെ പിൻവലിക്കാൻ അസം തയാറാകണമെന്ന് സോറാംതാംഗ ആവശ്യപ്പെട്ടു. അസം പൊലീസ് ജനങ്ങളെ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് സോറാംതാംഗ ആരോപിക്കുന്നത്.