ന്യൂഡൽഹി: 59.2 ശതമാനം കുട്ടികൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ ചാറ്റിങ്ങിനായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിൽ 10.1 ശതമാനം കുട്ടികൾ മാത്രമാണ് ഓൺലൈൻ ക്ലാസുകൾക്കും വിദ്യാഭ്യാസത്തിനുമായി ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നതെന്നും ബാലാവകാശ സംഘടനയായ എൻസിപിസിആർ പഠനം. എല്ലാ വിഭാഗത്തിലുമുള്ള 30.2 ശതമാനം കുട്ടികൾക്ക് സ്വന്തമായി സ്മാർട്ട്‌ഫോണുകളുണ്ടെന്ന് 'Effects of using Mobile Phones and other devices with Internet Accessibility by Children' പഠനം പറയുന്നു. കൂടാതെ 37.8 ശതമാനം കുട്ടികൾക്ക് (പത്ത് വയസ് പ്രായമുള്ള) സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ടും, 24.3 ശതമാനം പേർക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉണ്ട്.
- പഠനത്തിൽ പങ്കെടുത്തത് 5811 പേർ
മിക്ക മാതാപിതാക്കളും സ്മാർട്ട്ഫോണുകൾ നൽകാന്‍ സന്നദ്ധരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. 5811 പേരെയാണ് പഠന വിധേയമാക്കിയത്. രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലായി 60 സ്കൂളുകളിൽ നിന്നുള്ള 3,491 കുട്ടികൾ, 1,534 രക്ഷിതാക്കൾ, 786 അധ്യാപകർ ഇതിൽ ഉൾപ്പെടുന്നു. പ്രായവും സാമൂഹിക മാധ്യമത്തിലെ സാന്നിധ്യവും തമ്മിൽ ബന്ധമുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.