മീററ്റ്: ഉത്തർപ്രദേശിലെ മീററ്റില്‍ തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ തട്ടിയുണ്ടായ അപകടത്തില്‍, അഞ്ച് പേർ മരണപ്പെട്ടു. മീററ്റിലെ ഒരു ഗ്രാമത്തിന് സമീപം ശനിയാഴ്‌ച (ജൂലൈ 15) വൈകുന്നേരമാണ് സംഭവം. വൈദ്യുതാഘാതമേറ്റ് 16 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
മീററ്റ് ജില്ലയിലെ ഭവൻപൂരിലുള്ള റാലി ചൗഹാൻ ഗ്രാമത്തിലെ 11 കെവി വൈദ്യുതി ലൈനിൽ തീർഥാടകർ (കൻവാരിയർ) സഞ്ചരിച്ച വാഹനം തട്ടുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. താഴ്‌ന്നുകിടന്ന ഹൈടെൻഷൻ വൈദ്യുതി ലൈനില്‍ വാഹനം തട്ടിയതാണ് ദാരുണമായ അപകടത്തിന് കാരണമായത്. തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി അപകടത്തില്‍പെട്ടവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവച്ച് അഞ്ച് പേർ മരണപ്പെട്ടു. വൈദ്യുതാഘാതമേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മീററ്റ് ഡിഎം ദീപക് മീണ പറഞ്ഞു.
ഏകദേശം 30-35 പേർ ആണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. മരിച്ചവരിൽ രണ്ട് സഹോദരന്മാരും ഉൾപ്പെടുന്നു. പൊലിസിന്‍റെയും ഭരണസംവിധാനത്തിന്‍റെയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിനിടെ ഒരുകൂട്ടം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രദേശത്ത് പ്രകടനം നടത്തിയത്. വൈദ്യുതി ലൈൻ അടച്ചിട്ടതായി എസ്‌പി ദേഹത് കമലേഷ് ബഹാദൂർ അറിയിച്ചിട്ടുണ്ട്.
അതേസമയം ദുരിതബാധിതർക്ക് ചികിത്സയ്‌ക്കായി എല്ലാ സഹായവും നൽകുന്നുണ്ടെന്നും ഇതിനായി ഡോക്‌ടർമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിഎം ദീപക് മീണ അറിയിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.