മുംബൈ: പട്‌നയിലെ പതിനേഴുകാരി ആരോടും പറയാതെ ട്രെയിൻ കയറിയത് ബോളിവുഡിൽ അഭിനയിക്കാനാണ്. മുംബൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയ ഈ പെണ്‍കുട്ടിയെ ആർപിഎഫ് പിന്നീട് മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ റെയിൽവെ സ്റ്റേഷനുകളിൽ നിന്നായി ഈ വർഷം മാത്രം ആർപിഎഫ് കണ്ടെത്തിയത് 477 കുട്ടികളെയാണ്.
Also Read: പുൽവാമയിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ സുരക്ഷസേന വധിച്ചു
ആർപിഎഫ് രക്ഷിച്ച കുട്ടികളിൽ 310 ആൺകുട്ടികളും 167 പെൺകുട്ടികളും ഉൾപ്പെടുന്നു. കണ്ടെത്തിയ കുട്ടികളിൽ ഭൂരിഭാഗവും വഴക്കിട്ട് വീടുകളിൽ നിന്ന് ഇറങ്ങുന്നവരാണ്. കുടുംബ പ്രശ്നങ്ങൾ മൂലമോ, മെച്ചപ്പെട്ട ജീവിതം തേടിയും നാട് വിട്ടവർ മുതൽ മോഡലിംഗിലും അഭിനയത്തിലും ഒരുകൈ നോക്കാൻ മുംബൈയിൽ വന്നിറങ്ങുന്ന കുട്ടികൾ വരെ ഇക്കൂട്ടത്തിലുണ്ടെന്ന് അധികൃതർ പറയുന്നു.
ഇത്തരത്തിൽ കണ്ടെത്തുന്ന കുട്ടികളെ മാതാപിതാക്കൾക്കൊപ്പം അയക്കുന്നതിന് മുൻപ് ആർപിഎഫിന്‍റെ നേതൃത്വത്തിൽ കൗണ്‍സിലിങ്ങും നൽകുന്നുണ്ട്. ചൈൽഡ് ലൈൻ പോലുള്ള സർക്കാരിതര സംഘടനകളുടെ സഹായത്തോടെയാണ് റെയിൽവേ ഈ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തിയത്. സെൻട്രൽ റെയിൽവേയുടെ മുംബൈ, ഭൂസാവൽ, നാഗ്പൂർ, പൂനെ, സോലാപൂർ ഡിവിഷനുകളിൽ നിന്ന് 2021 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കണ്ടെത്തിയ കുട്ടികളുടെ കണക്കാണ് അധികൃതർ പുറത്തു വിട്ടത്.