ഹൈദരാബാദ് : രാജ്യത്തെ ഏറ്റവും വലിയ ടണൽ അക്വേറിയം നിർമിക്കാൻ തെലങ്കാന സർക്കാർ. ഹൈദരാബാദ് നഗരത്തിലാവും ടണൽ നിർമിക്കുക. സർക്കാർ - സ്വകാര്യ പങ്കാളിത്തത്തോടെ 350 കോടി രൂപ ചെലവിലാണ് ഇത് സാക്ഷാത്കരിക്കുക. ടണൽ അക്വേറിയത്തിനായി ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (എച്ച്എംഡിഎ) വെള്ളിയാഴ്ച ആഗോള ടെൻഡര്‍ ക്ഷണിച്ചു.
ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) അടിസ്ഥാനത്തിൽ 30 വർഷത്തേക്ക് ബിഡ് നേടിയ കമ്പനിക്ക് പ്രൊജക്റ്റ് കൈമാറും. ഹിമായത്‌സാഗറിനടുത്ത് കോട്വാൾഗുഡയിൽ 150 ഏക്കറിൽ എച്ച്എംഡിഎയുടെ നേതൃത്വത്തിൽ ഒരു പാർക്ക് വികസിപ്പിക്കുന്നതായി ഔദ്യോഗിക വിവരങ്ങൾ വന്നിരുന്നു. ഇതിലാവും അഞ്ചേക്കറിൽ കൂറ്റൻ ടണൽ അക്വേറിയം ഒരുക്കുക. നിലവിൽ ചെന്നൈ മറൈൻ പാർക്കിലും അഹമ്മദാബാദിലെ സയൻസ് സിറ്റിയിലും ഇത്തരത്തിലുള്ള അക്വേറിയങ്ങൾ ഉണ്ട്.
ഈ മേഖലകളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അവരുടേതിൽ നിന്ന് വ്യത്യസ്‌തമായ ലോകോത്തര നിലവാരത്തിലാകും കോട്വാൾഗുഡയിൽ ടണൽ അക്വേറിയം ഒരുക്കുക. ഈ മാസം അവസാനത്തോടെ ടെൻഡർ സമർപ്പിക്കാനാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ടെൻഡർ ലഭിച്ച കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം.
നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന അക്വേറിയത്തിന്‍റെ പ്രത്യേകതകൾ
1. 180 ഡിഗ്രി കോണിൽ 100 മീറ്റർ നീളവും 3.5 അടി വീതിയുമുള്ള വിവിധ തരം തുരങ്കങ്ങള്‍ ഒരുക്കും. ഇവയ്ക്കുള്ളിൽ കയറുന്ന വിനോദസഞ്ചാരികൾക്ക് തങ്ങൾ കടലിന്‍റെ ആഴങ്ങളിലേക്ക് പോയതായി അനുഭവപ്പെടും.
2. കടലിൽ നിന്നും നദികളിൽ നിന്നും കൊണ്ടുവരുന്ന വെള്ളം നിറയ്ക്കാൻ മൂവായിരം ദശലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കുകൾ സ്ഥാപിക്കും. ആയിരക്കണക്കിന് സമുദ്രജീവികൾ ഈ ടാങ്കിലാണ് ഉണ്ടാവുക. സ്രാവുകൾക്കും ഡോൾഫിനുകൾക്കും പ്രത്യേക ക്രമീകരണങ്ങളുണ്ട്.