ന്യൂഡൽഹി : കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 31,51,43,490 കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തെന്ന് ആരോഗ്യ മന്ത്രാലയം. കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയതും സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങിയതും ചേർത്താണ് ഈ കണക്കെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉപയോഗിക്കാത്തതും ബാക്കിയായതുമായ 1.15 കോടി കൊവിഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കലുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 20,48,960ലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൂന്ന് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ കൊവിഡ് കണക്ക്
അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിൽ ചെറിയ വർധനവ് റിപ്പോർട്ട് ചെയ്‌തു. 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,02,33,183 ആയി. ശനിയാഴ്‌ച 48,698 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.