ന്യൂഡൽഹി:രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മുൻകരുതലുകള്‍ തുടർന്നും പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ 75 ജില്ലകളിൽ ഇപ്പോഴും 10 ശതമാനത്തിലധികം കൊവിഡ് കേസുകളുണ്ട്. 92 ജില്ലകളിൽ 5 മുതൽ 10 ശതമാനം വരെ വ്യാപനമുണ്ട്. അതേസമയം രാജ്യത്തൊട്ടാകെ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 83 ശതമാനത്തിലധികം ഇടിവുണ്ടായ ആശ്വാസ കണക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കുവെച്ചു.
also read:രാജ്യത്ത് 51,667 പുതിയ കൊവിഡ് രോഗികള്‍; 1329 മരണം
രോഗമുക്തി നിരക്കും രാജ്യത്ത് ഉയരുന്നുണ്ട്. മെയ് മൂന്നിന് ശേഷം ഇത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 96.7 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ 31,13,18,355 ഡോസ് വാക്‌സിൻ നല്‍കിയിട്ടുണ്ടെന്ന് എംഎച്ച്‌എഫ്‌ഡബ്ല്യു ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
വെള്ളിയാഴ്‌ച പുറത്തുവിട്ട കൊവിഡ് കണക്ക്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51,667 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 18 ദിവസമായി രാജ്യത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്.
രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,01,34,445 ആയി ഉയര്‍ന്നു. 64,527 പേര്‍ രോഗമുക്തി നേടി. തുടർച്ചയായ 43ാം ദിവസവും രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാണ് റിപ്പോർട്ട് ചെയ്യുന്നത്. 2,91,28,267 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
1329 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ആകെ കൊവിഡ് മരണം 3,93,310 ആയി. നിലവില്‍ 6,12,868 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.