ലക്‌നൗ : കൊവിഡിനെ പരാജയപ്പെടുത്തി ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ 26 അംഗങ്ങൾ. മഹാമാരി ഘട്ടത്തിൽ പരസ്‌പരം പിന്തുണച്ചതിന്‍റെ ഫലമായി കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടി മുതൽ ഒരൊറ്റ വൃക്കയിൽ ജീവിക്കുന്ന 86 വയസുള്ള വൃദ്ധനടക്കം 26 അംഗങ്ങൾ കൊവിഡിൽ നിന്ന് കരകയറി. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം യോഗ ചെയ്‌തും മിതമായ ജീവിതം നയിച്ചും പോഷകസമൃദ്ധമായ ഭക്ഷണം ഉൾപ്പെടുത്തിയുമാണ് കൊവിഡിനെ പിടിച്ചുകെട്ടിയതെന്ന് ഇവര്‍ പറയുന്നു.
85കാരനായ രാഘവേന്ദ്ര പ്രസാദ് മിശ്ര തന്‍റെ എട്ട് ആൺമക്കളും കുടുംബവുമൊത്ത് സൗത്ത് മലാക്കയിൽ താമസിച്ചുവരികയാണ്. അംഗങ്ങളിൽ ഒരാൾക്ക് ഏപ്രിലിൽ കൊവിഡ് ബാധിച്ചതിന് പിന്നാലെ കുടുംബത്തിലെ എല്ലാവർക്കും പൊസിറ്റീവ് ആവുകയായിരുന്നു. എന്നിരുന്നാലും കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും ലളിതമായ ജീവിതശൈലിയും മരുന്നുകളും മികച്ച ചികിത്സാരീതിയും ഈ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും കൊവിഡിൽ നിന്ന് രക്ഷിച്ചു.
Also Read:രാജ്യത്ത് 3,43,144 പേർക്ക് കൂടി കൊവിഡ്, മരണം 4000
രാഘവേന്ദ്ര 2012ൽ തന്‍റെ വൃക്കകളിലൊന്ന് മകന് ദാനം ചെയ്‌തിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചപ്പോൾ കുടുംബാംഗങ്ങൾ ആശങ്കാകുലരായിരുന്നു. എന്നാൽ ചികിത്സയോടൊപ്പം ദൈനംദിന വ്യായാമവും യോഗയും ചെയ്‌തുകൊണ്ട് കൊറോണ വൈറസിനെ തുരത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
രാഘവേന്ദ്രയുടെ മക്കളിൽ ഒരാളായ മുനീർ മിശ്ര ദന്തഡോക്‌ടറാണ്. അദ്ദേഹമാണ് മഹാമാരിഘട്ടത്തിൽ കുടുംബത്തെ മുഴുവൻ പരിപാലിച്ചത്. ഓരോ കുടുംബാംഗത്തിന്‍റെയും ബിപി, പൾസ്, ഓക്‌സിജന്‍റെ അളവ് എന്നിവ അദ്ദേഹം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ഓക്‌സിജന്‍റെ അളവ് കുറഞ്ഞ അംഗങ്ങൾക്ക് അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൂടാതെ മരുമകളായ ശാശി പരിശീലനം ലഭിച്ച യോഗ ഇൻസ്ട്രക്‌ടറാണ്. രാജർഷി ടണ്ടൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് യോഗയിൽ ഡിപ്ലോമ നേടിയ അവർ ബാബ രാംദേവിന്‍റെ ആശ്രമത്തിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്. 31 കുടുംബാംഗങ്ങളിൽ 26 പേരും കൊവിഡ് പൊസിറ്റീവ് ആയപ്പോൾ ഇവരെ യോഗ ചെയ്യാൻ പരിശീലിപ്പിച്ചത് ശാശി ആയിരുന്നു.