പനാജി: സർക്കാറിന് കീഴിലെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 26 കൊവിഡ് രോഗികൾ മരിച്ച സംഭവത്തിന്‍റെ വ്യക്തമായ കാരണം കണ്ടെത്താൻ ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. പുലർച്ചെ രണ്ടിനും ആറിനും ഇടയിലാണ് മരണങ്ങൾ ഉണ്ടായത്. അതേസമയം, സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും കൊവിഡ് വാർഡുകളിലേക്ക് മതിയായ രീതിയിൽ മെഡിക്കൽ ഓക്സിജൻ എത്താത്തതാകാം മരണത്തിന് കാരണമായതെന്നും മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചശേഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
എന്നാൽ, തിങ്കളാഴ്ച വരെ ആശുപത്രിയിൽ മെഡിക്കൽ ഓക്സിജന്‍റെ ക്ഷാമമുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി റാണെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ മരണങ്ങളുടെ കാരണങ്ങൾ ഹൈക്കോടതി അന്വേഷിക്കണം. ഇവിടേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി ഇടപെട്ട് ഒരു ധവളപത്രം തയാറാക്കണം. ഇത് കാര്യങ്ങൾ ശരിയാകാൻ സഹായിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
1200 ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമുള്ളിടത്ത് 400 എണ്ണം മാത്രമാണ് ലഭിച്ചത്. മെഡിക്കൽ ഓക്സിജൻ വിതരണത്തിൽ ക്ഷാമമുണ്ടെങ്കിൽ, അത് എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചർച്ച നടത്തണം. ഗോവ മെഡിക്കൽ കൊളേജ് ആശുപത്രിയിലെ കൊവിഡ് ചികിത്സയുടെ മേൽനോട്ടത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച നോഡൽ ഓഫിസർമാരുടെ മൂന്നംഗ സംഘം പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരങ്ങൾ നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read Also….. ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ച സംഭവം നിഷേധിച്ച് അധികൃതര്‍
സംഭവശേഷം മുഖ്യമന്ത്രി പി.പി.ഇ കിറ്റ് ധരിച്ച് ആശുപത്രിയിലെത്തുകയും രോഗികളെയും ബന്ധുക്കളെയും സന്ദർശിക്കുകയും ചെയ്തു. ഈ വാർഡുകളിൽ ഓക്സിജന്‍റെ ലഭ്യത സംബന്ധിച്ച് പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ ഓക്സിജന്‍റെ സുഗമമായ വിതരണം ഉറപ്പാക്കാൻ വാർഡ് തിരിച്ചുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗികളെ ചികിത്സിക്കുന്ന തിരക്കിലായ ഡോക്ടർമാർക്ക് ഓക്സിജന്‍റെ കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ സമയം ചെലവഴിക്കാൻ കഴിയില്ല. കൃത്യസമയത്ത് രോഗികൾക്ക് ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാർഡ് തിരിച്ചുള്ള സംവിധാനങ്ങൾ രൂപീകരിക്കാൻ ഉടൻ യോഗം ചേരും. മെഡിക്കൽ ഓക്സിജന്റെയും സിലിണ്ടറുകളുടെയും കുറവ് സംസ്ഥാനത്തില്ല. എന്നാൽ, ചില സമയങ്ങളിൽ ഈ സിലിണ്ടറുകൾ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താത്തതാണ് പ്രശ്നത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രോഗികൾക്ക് ദീൻ ദയാൽ സ്വസ്ത സേവ യോജന പദ്ധതിപ്രകാരമുള്ള ചികിത്സ ആനുകൂല്യം നിരസിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്ന് സാവന്ത് മുന്നറിയിപ്പ് നൽകി. അടുത്ത 15 ദിവസത്തിനുള്ളിൽ സ്വകാര്യ ആശുപത്രികളുടെ കുടിശ്ശിക തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് പത്തിലെ കണക്കുപ്രകാരം ഗോവയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 121650 ആണ്. തിങ്കളാഴ്ച 50 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 1729 ആയി ഉയർന്നു.