അതിര്‍ത്തി കടന്ന് എത്തിയ പാക് നുഴഞ്ഞുകയറ്റക്കാരെ കാര്‍ഗിലില്‍ നിന്ന് ഇന്ത്യന്‍ സൈന്യം തുരത്തിയോടിച്ച ഐതിഹാസിക പോരാട്ടത്തിന്‍റെ ഓര്‍മദിനമായ ഇന്ന് (ജൂലൈ 26) കാര്‍ഗില്‍ വിജയ് ദിവസായാണ് രാജ്യം ആചരിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ ആത്മത്യാഗത്തിന്‍റെ സ്‌മരണയ്‌ക്കായാണ് ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസമായി ആചരിക്കുന്നത്. 1999 മെയ് മാസത്തില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം സ്ഥിരീകരിച്ചത് ജൂലൈ 26 വരെ നീണ്ട ഐതിഹാസിക പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സൈന്യം കാര്‍ഗിലില്‍ വിജയക്കൊടി നാട്ടിയത്.
പാകിസ്ഥാന്‍റെ കരാര്‍ ലംഘനം: 1999 ഫെബ്രുവരിയില്‍ കൊളംബോ ഉച്ചകോടിയിലെ ധാരണ പ്രകാരം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പാകിസ്ഥാനിലേക്ക് സന്ദര്‍ശനം നടത്തി. സമാധാന സ്വരവുമായാണ് വാജ്‌പേയി അന്ന് വാഗ അതിര്‍ത്തി കടന്നത്. 1972-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കല്‍ അലി ഭൂട്ടോയും ഒപ്പു വച്ച സിംല കരാര്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും വാജ്‌പേയിയും സംയുക്ത പ്രസ്‌താവന ഇറക്കി.
നിയന്ത്രണ രേഖ മാനിക്കുമെന്നും തമ്മില്‍ പോരാട്ടമുണ്ടാകില്ലെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ആ ഉറപ്പിന് വെറും മൂന്ന് മാസത്തെ കാലാവധിയേ ഉണ്ടായിരുന്നുള്ളു. വാജ്‌പേയിയുടെ സന്ദര്‍ശനത്തിനും മുന്‍പ് 1998ല്‍ ദ്രാസ് സെക്‌ടറിലൂടെ നുഴഞ്ഞു കയറാനുള്ള പദ്ധതിക്ക് അന്നത്തെ പാക് സേന മേധാവി പര്‍വേസ് മുഷറഫ് ഗൂഢാലോചനയിട്ടിരുന്നു.
ഓപ്പറേഷന്‍ വിജയ്: 1999 മെയ് മൂന്നിന് പാകിസ്ഥാന്‍ ഭീകരരുടെ വേഷത്തില്‍ പാക് സൈന്യം കരാര്‍ ലംഘിച്ചാണ് നിയന്ത്രണ രേഖ നുഴഞ്ഞു കയറിയത്. കാര്‍ഗില്‍ മലനിരകളില്‍ കൊടും ശൈത്യകാലത്ത് 16,000 മുതല്‍ 18,000 വരെ അടി ഉയരത്തില്‍ നിലയുറപ്പിച്ച ഭീകരരരെ തുരത്താനായി ഇന്ത്യ "ഓപ്പറേഷന്‍ വിജയ്" എന്ന പേരില്‍ സൈനിക നീക്കം ആരംഭിച്ചു.
മൂന്ന് മാസത്തോളമാണ് ഇന്ത്യയുടെ സൈനിക നടപടി നീണ്ടത്. മെയ് മാസത്തില്‍ തുടങ്ങിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ 1999 ജൂലൈ 26-ന് കാര്‍ഗിലില്‍ ഇന്ത്യ വിജയപ്രഖ്യാപനം നടത്തി. അതിര്‍ത്തി കടന്ന് എത്തിയ ഭീകരര്‍ സ്വന്തമാക്കിയ പ്രദേശങ്ങളെല്ലാം സൈന്യം പിടിച്ചെടുത്തു.
രക്തസാക്ഷികളുടെ സ്‌മരണയില്‍ രാജ്യം:യുദ്ധത്തില്‍ 527 സൈനികരെ രാജ്യത്തിന് നഷ്‌ടമായി. പാക് സൈനികരെ തുരത്തിയോടിച്ച യുദ്ധത്തില്‍ വീരചരമം അടഞ്ഞ നിരവധി മലയാളി സൈനികരുമുണ്ട്. യുദ്ധത്തില്‍ രക്തസാക്ഷികളായ സൈനികര്‍ക്കായി കാര്‍ഗില്‍ ജില്ലയിലെ ദ്രാസില്‍ സ്‌മാരകം ഒരുക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ജൂലൈ 26-ന് ഇവിടെയെത്തുന്ന പ്രതിരോധമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ സ്‌മാരകത്തില്‍ പുഷ്‌പചക്രം സമര്‍പ്പിച്ച് സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കും.
ഐതിഹാസിക പോരാട്ടത്തില്‍ വീര ചരമമടഞ്ഞ മലയാളി സൈനികര്‍:ലെഫ്‌റ്റനന്റ് കേണല്‍ ആര്‍. വിശ്വനാഥൻ, 158 മീഡിയം പീരങ്കി റെജിമെന്‍റിലെ ക്യാപ്‌റ്റന്‍ ആര്‍.ജെറി പ്രേംരാജ്, 141 ഫീൽഡ് റെജിമെന്‍റിലെ ക്യാപ്‌റ്റൻ പി.വി വിക്രം, നാലാം ഫീല്‍ഡ് റെജിമെന്‍റിലെ സജീവ് ഗോപാലപിള്ള, പതിനെട്ടാം ഗഡ്‌വാള്‍ റൈഫില്‍സിലെ ക്യാപ്‌റ്റന്‍ എം.വി സൂരജ്, 11-ാം രാജ് പുത്തനാ റൈഫിൾസിലെ ക്യാപ്‌റ്റൻ ഹനീഫുദീൻ, ലാൻസ് നായിക് സജി കുമാർ, ലാൻസ് നായിക് വി.എം. രാധാകുമാർ, ലാൻസ് നായിക് ജോസ് ജെയിംസ്, ലാൻസ് നായിക് കെ. അജികുമാർ, റൈഫിൾമാൻ അബ്‌ദുൾ നാസർ, ഹവിൽദാർ ശിവകുമാർ, സുബേദാർ മോഹൻദാസ് എന്നീ മലയാളി സൈനികര്‍ക്കാണ് യുദ്ധത്തില്‍ ജീവന്‍ നഷ്‌ടമായത്. ജീവത്യാഗത്തിന് മരണാനന്തരം സൈനിക ബഹുമതികള്‍ നല്‍കിയാണ് രാജ്യം ഇവരെ ആദരിച്ചത്.