ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും അപകട കാരണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറാകാതെ റയില്‍വേ അധികൃതര്‍. 275 പേര്‍ മരിക്കുകയും 1000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത അപകടത്തില്‍ 2022ലെ സിഎജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വിദഗ്‌ധര്‍. റെയില്‍വേ സുരക്ഷയിലെ വിവിധ പിഴവുകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്‌റ്റംബറിലാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
രാജ്യത്തെ റയില്‍വേയിലെ പാളം തെറ്റലുകളെയും മറ്റ് അപകട സാധ്യതകളെയും ഇല്ലാതാക്കാന്‍ റയില്‍വേ സ്വീകരിച്ച നടപടികളെ കുറിച്ചായിരുന്നു സിഎജിയുടെ പഠനം. ഈ റിപ്പോര്‍ട്ടാണ് സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ച വിഷയമാകുന്നത്. സിഎജിയുടെ പഠനത്തിനിടെ കണ്ടെത്തിയ പോരായ്‌മകളെ കുറിച്ച് വിശദമായി സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
റയില്‍വേ പാളങ്ങളുടെ ഘടനകള്‍ അടക്കം പരിശോധിക്കുന്നതിനായി ട്രാക്ക് റെക്കോര്‍ഡിങ് വാഹനം ഉപയോഗിച്ചിരുന്നു. ഇത്തരത്തില്‍ നടത്തിയ പഠനത്തിന് ശേഷമാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റെയില്‍വേ ഗതാഗതവുമായി ബന്ധപ്പെട്ട് 30 മുതല്‍ 100 ശതമാനം വരെ പോരായ്‌മകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കിയിരുന്നു.
റെയില്‍വേയിലെ അപകടങ്ങളെ കുറിച്ചുള്ള സിഎജിയുടെ കണ്ടെത്തലുകള്‍:ഇന്ത്യയില്‍ 2017 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെ 422 ട്രെയിനുകളാണ് പാളം തെറ്റിയത്. പാളം തെറ്റിയുണ്ടായിട്ടുള്ള 171 അപകടങ്ങള്‍ക്കും പ്രധാന കാരണം റെയില്‍വേ പാളങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തിന് മറ്റൊരു കാരണമായി സിഎജി ചൂണ്ടിക്കാട്ടുന്നത് ഓപ്പറേറ്റിങ് വിഭാഗത്തിന്‍റെ അശ്രദ്ധയാണ്. ഷണ്ടിങ് ഓപ്പറേഷനുകളിലെ പിഴവുകളും പോയിന്‍റുകളുടെ തെറ്റായ ക്രമീകരണവുമാണ് 84 ശതമാനം അപകടങ്ങള്‍ക്കും കാരണമാകുന്നത്.