ന്യൂഡൽഹി: പ്രധാൻമന്ത്രി കിസാൻ പദ്ധതി പ്രകാരം 1.15 ലക്ഷം കോടി രൂപ 10.75 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായി കേന്ദ്രം. പദ്ധതിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇക്കാര്യം പറഞ്ഞത്. പദ്ധതിയിലൂടെ കർഷകർക്ക് പ്രതിവർഷം 6,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി നൽകിയെന്ന് തോമർ പറഞ്ഞു. ഇതിലൂടെ കർഷകരുടെ വരുമാനം വർധിച്ചതായും അദ്ദേഹം പറഞ്ഞു.
1.15 ലക്ഷം കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായി കേന്ദ്രം
പ്രധാൻമന്ത്രി കിസാൻ പദ്ധതിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ 1.15 ലക്ഷം കോടി രൂപ 10.75 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായി പറഞ്ഞത്
2019 ഫെബ്രുവരി 24ന് ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാൻമന്ത്രി കിസാൻ പദ്ധതിക്ക് തുടക്കമിട്ടത്. വിളകൾക്കായുള്ള താങ്ങുവിലയിൽ ചരിത്രപരമായ വർധനയാണ് സർക്കാർ നടത്തിയതെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ കാർഷിക മേഖലയെ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു. മെച്ചപ്പെട്ട ജലസേചനം മുതൽ കൃഷിയിൽ സാങ്കേതികവിദ്യയുട കൂടുതലായുള്ള മേൽകൈയും കർഷകരെ സഹായിച്ചു. കൂടുതൽ വായ്‌പകൾ, കൂടുതൽ വിപണികൾ, ശരിയായ വിള ഇൻഷുറൻസ് എന്നിവ കർഷകരെ അവരുടെ ജീവിതം മെച്ചപ്പെടാൻ സഹായിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാൻമന്ത്രി കിസാൻ പദ്ധതിക്കായി ബജറ്റിൽ ആവശ്യമായ ഫണ്ട് ഉണ്ടെന്നും പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്ന് ഉറപ്പാണെന്നും വാർഷിക പരിപാടിക്കിടെ തോമർ പറഞ്ഞു. യോഗ്യരായ എല്ലാ ഗുണഭോക്താക്കൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണം. 14.5 കോടി കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. കൂടുതൽ കർഷകരെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തോമർ പറഞ്ഞു.