ബെംഗളൂരു:2016 മുതല്‍ 2018 വരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് 19 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ കാണാതെ പോയിട്ടുണ്ടെന്ന ആരോപണം കര്‍ണാടക അംസംബ്ലിയില്‍ ഉയര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എ എച്ച് കെ പാട്ടില്‍. ഇതില്‍ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അംസംബ്ലിയില്‍ വിളിച്ചുവരുത്തണമെന്ന് അദ്ദേഹം സ്‌പീക്കറോട് ആവശ്യപ്പെട്ടു. എച്ച് കെ പാട്ടീലില്‍ നിന്ന് വിഷയത്തില്‍ കൂടുതല്‍ വിശദീകരണം ലഭിച്ചാല്‍ താന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വിളിച്ചുവരുത്തുമെന്ന് കര്‍ണാടക നിയമസഭ സ്‌പീക്കര്‍ വിശ്വേശര്‍ ഹെഗ്ഡെ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് രംഗത്തെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ചര്‍ച്ചയിലാണ് എച്ച് കെ പാട്ടീല്‍ ഇവിഎമ്മുകള്‍ നഷ്ടപ്പെട്ടെന്ന ആരോപണം ഉന്നയിച്ചത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമൂഹ്യപ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും, ഇവിഎമ്മുകള്‍ നിര്‍മിക്കുന്ന പൊതുമേഖല കമ്പനികളായ ബിഇഎല്‍, ഇസിഐഎല്‍ എന്നിവയില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയാണ് എച്ച് കെ പാട്ടീലിന്‍റെ ആരോപണത്തിന്‍റെ അടിസ്ഥാനം. പൊതുമേഖല കമ്പനികള്‍ വിതരണം ചെയ്‌ത 19 ലക്ഷത്തില്‍ അധികം ഇവിഎമ്മുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ലഭിച്ചു എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്ന് മനോരഞ്ജന്‍ റോയി കണക്കാക്കിയിരുന്നു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് റോയി ബോബെ ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം 2018 മുതല്‍ നടന്നുകൊണ്ടിരിക്കുകയാണ്.