ന്യൂഡൽഹി :കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ഭേദഗതികൾ ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് 17 പ്രതിപക്ഷ പാർട്ടികൾ. ടിഎംസിയും, എഎപിയും ഉൾപ്പടെ 17 പ്രതിപക്ഷ പാർട്ടികളും ഒരു സ്വതന്ത്ര രാജ്യസഭ എംപിയുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. കോൺഗ്രസ് നേതാവും എംപിയുമായ ജയറാം രമേശാണ് സംയുക്ത പ്രസ്താവനയുടെ പകർപ്പ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഭേദഗതികൾ മുഴുവനായും ശരിവച്ച സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ പാർട്ടികൾ അറിയിച്ചു. ദൂരവ്യാപകമായ വ്യവസ്ഥകള്‍ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ദുരുദ്ദേശ്യപരമായ രീതിയിൽ ലക്ഷ്യം വയ്‌ക്കുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.