ന്യൂഡല്‍ഹി:രാജ്യത്തെ സജീവ കേസുകളില്‍ കൂടുതലും 13 സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം കേസുകള്‍ നിലവിലുണ്ട്. 17 സംസ്ഥാനങ്ങളില്‍ 50000ത്തോളം കേസുകള്‍ നിലവിലുണ്ടെന്നും മന്ത്രാലയം പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ്, ബിഹാർ എന്നിവയാണ് ഒരു ലക്ഷത്തിലധികം സജീവ കേസുകൾ ഉള്ള 13 സംസ്ഥാനങ്ങൾ. ദേശീയ പോസിറ്റീവിറ്റി നിരക്ക് 21 ശതമാനത്തോളമാണെന്ന് ഡോ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും റാപ്പിഡ് ആന്‍റിജൻ ടെസ്റ്റുകൾ (RAT) നടത്തണമെന്നും അദ്ദേഹം അറിയിച്ചു.
Also Read:രാജ്യത്ത് കൊവിഡ് വ്യാപന തോത് കുറയുന്നു ; കേരളത്തില്‍ ആശങ്ക തുടരുന്നു
അതേസമയം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, തെലങ്കാന, ചണ്ഡിസ്ഗഡ്, ലഡാക്ക്, ദാമൻ, ഡിയു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളില്‍ ദൈനംദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കൂടാതെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജസ്ഥാൻ, ഹരിയാന, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലും കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
കർണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡിഷ, പഞ്ചാബ്, അസം, ജമ്മു കശ്മീർ, ഗോവ, ഹിമാചൽ പ്രദേശ്, പുതുച്ചേരി, മണിപ്പൂർ, മേഘാലയ, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ധനവ് രേഖപ്പെടുത്തുന്നത്.