വാഷിംഗ്‌ടൺ : ഹൃദയസ്‌തംഭനം ഉണ്ടായതിന് ശേഷം സ്‌ത്രീകളിൽ നാല് മാസത്തോളം ഇതുമായി ബന്ധപ്പെട്ട ഉത്കണ്‌ഠ നിലനില്‍ക്കുന്നതായി പഠനങ്ങൾ. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ ശാസ്ത്രീയ സമ്മേളനമായ ഇഎസ്‌സി അക്യൂട്ട് കാർഡിയോവാസ്‌കുലാർ കെയർ 2023ലാണ് പഠനം അവതരിപ്പിച്ചത്. 40ശതമാനം സ്ത്രീകളെ 23 ശതമാനം പുരുഷന്മാരുമായി താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്.
ഹൃദയസ്‌തംഭനം മുന്നറിയിപ്പ് ഇല്ലാതെ സംഭവിക്കുന്നതുകൊണ്ട് തന്നെ ഇത് പിന്നീടുള്ള ഉത്കണ്‌ഠയ്‌ക്ക് കാരണമാകുന്നുവെന്ന് ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ ഡോക്‌ടറും പഠനരചയിതാവുമായ ഡോ. ജെസ്‌പർ കെജെർഗാഡ് പറഞ്ഞു. ഹൃദയസ്‌തംഭനത്തിന് ശേഷമോ രോഗനിർണയത്തിന് ശേഷമോ രോഗികളുടെ ജീവിതരീതിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നു. അത്തരത്തിൽ പെട്ടെന്നുള്ള ജീവിതരീതിയിലെ മാറ്റം സമ്മർദവും ഉത്കണ്‌ഠയും വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. സ്ത്രീകളെയാണ് മാനസികമായി ഇത് കൂടുതൽ ബാധിക്കുകയെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്.
പല രാജ്യങ്ങളിലും സംഭവിക്കുന്ന അഞ്ച് മരണങ്ങളുടെ കണക്കെടുത്താൽ അതിൽ ഒരു മരണം ഹൃദയസ്‌തംഭനം മൂലം ഉണ്ടാകുന്നതാണ്. ഹൃദയം അപ്രതീക്ഷിതമായി രക്തം പമ്പ് ചെയ്യുന്നത് നിർത്തുന്നു. ഈ അവസ്ഥയിൽ ഏറ്റവും വേഗത്തിൽ തന്നെ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ അത് മരണത്തിനിടയാക്കിയേക്കാം. ചികിത്സ ലഭ്യമാകാത്ത സാഹചര്യത്തിൽ 10 മുതൽ 20 മിനിട്ടിനുള്ളിൽ മരണം സംഭവിച്ചേക്കാം.
ഗുരുതരമായ ഈ അവസ്ഥയ്ക്ക് ശേഷം രോഗികളിൽ ഉത്കണ്‌ഠയും വിഷാദവും പതിവായി കാണപ്പെടുന്നു. കൂടാതെ രോഗികളുടെയും അവരുടെ കുടുംബത്തിന്‍റെയും ജീവിത നിലവാരവും കുറയുന്നു. ഹൃദയസ്‌തംഭനത്തെ അതിജീവിച്ചവരിൽ ഉത്കണ്‌ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നിവയുടെ വ്യാപനം പഠനത്തിലൂടെ ഗവേഷകർ വിലയിരുത്തി. രോഗലക്ഷണങ്ങളുടെ തീവ്രതയില്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യാസമുണ്ടോ എന്നും പരിശോധിച്ചു.