പാരിസ്: പ്രായമാകുമ്പോൾ വിഷാദവും ആകുലതയും അനുഭവിക്കുന്നവരുടെ അവസ്ഥയ്‌ക്ക് കാരണം ബാല്യത്തില്‍ അവര്‍ക്കേറ്റ ആഘാതങ്ങളാണെന്ന് പഠന റിപ്പോര്‍ട്ട്. ബാല്യത്തില്‍ ഏല്‍ക്കുന്ന ആഘാതങ്ങള്‍ ഇത്തരത്തിലുള്ളവരെ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം കോപാകുലരാക്കുന്നു. ഇത്തരം പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സാമൂഹിക ഇടപെടലുകളും മാനസികാരോഗ്യവും സാധ്യതമാകാത്തതിനാല്‍ വിഷാദത്തിനും ആകുലതയ്‌ക്കുമുള്ള ചികിത്സ വെല്ലുവിളി നിറഞ്ഞതാകുന്നുവെന്ന് പാരിസില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് സൈക്യാട്രിയില്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിഷാദവും ആകുലതയുമുള്ള 40 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന അളവിലുള്ള ദേഷ്യം പ്രകടമായിരുന്നുവെന്ന് മുന്‍ കാലങ്ങളില്‍ നടന്ന പഠന റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. താരതമ്യേന, ആരോഗ്യകരമായ നിയന്ത്രണങ്ങളിൽ അഞ്ച് ശതമാനം മാത്രമേ ഈ പ്രശ്‌നമുള്ളൂ. നിരവധി വര്‍ഷങ്ങളായി ഇത് സംബന്ധിച്ച പഠനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2004 വര്‍ഷത്തിന്‍റെ തുടക്കത്തില്‍ നടന്ന പഠനത്തില്‍ 18 മുതല്‍ 65 വയസുവരെയുള്ളവരാണ് പങ്കെടുത്തത്. അവരുടെ ബാല്യകാലത്തെക്കുറിച്ചാണ് പഠനത്തില്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്. പഠനത്തിന്‍റെ അവസാനഘട്ടത്തില്‍ 2276 പേരാണ് പങ്കെടുത്തത്.
പ്രശ്‌നങ്ങള്‍ ഇവയൊക്കെ: മാതാപിതാക്കളെ നഷ്‌ടമായത്, മാതാപിതാക്കന്മാരുടെ വേര്‍പിരിയല്‍, സംരക്ഷണം ലഭിക്കാത്തത് തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ അസുഖങ്ങള്‍ അനുഭവിക്കുന്നവരുടെ പ്രധാന പ്രശ്‌നമെന്ന് തുടര്‍ച്ചയായി നടത്തിയ പഠനത്തില്‍ കണ്ടെത്തി. കൂടാതെ, ബാല്യകാലങ്ങളില്‍ നേരിട്ട അവഗണന, ശാരീരികവും മാനസികവും ലൈംഗികവുമായി നേരിട്ട അതിക്രമങ്ങള്‍ തുടങ്ങിയവയും പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നു.
'പൊതുവായി കോപം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചുരുക്കം ചില പഠനങ്ങളെ നടക്കുന്നുള്ളു എന്നത് ആശ്ചര്യം ഉളവാക്കുന്നു. എന്നാല്‍, വിഷാദത്തെയും ഉത്‌കണ്ഠയെക്കുറിച്ചുമുള്ള പഠനം എന്നത് വളരെയധികം വിപൂലീകരിക്കപ്പെട്ട ഒന്നാണ്. ശാസ്‌ത്രീയമായ അനേകം ഡാറ്റ ശേഖരിക്കുവാന്‍ ഇത് മൂലം സാധിച്ചു'- ഗവേഷകനായ നിയേങ്കേ ഡി ബ്ലെസ് പറഞ്ഞു.
കോപത്തിന് കാരണം കുട്ടികാലത്ത് ഏറ്റ ആഘാതമാണെന്ന് സൂചിപ്പിക്കുന്നതിനായി വ്യക്തമായ ഡാറ്റ കണ്ടെത്തിയിട്ടില്ല. എന്നാല്‍, ഇത്തരം അവസ്ഥയ്‌ക്ക് ബാല്യകാലത്തിലേറ്റ പ്രത്യാഘാതങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി- അവര്‍ കൂട്ടിച്ചേര്‍ത്തു. അവഗണന, ശാരീരിക -ലൈംഗിക അതിക്രമം തുടങ്ങിയവ അനുഭവിച്ച വ്യക്തികള്‍ക്ക് സാധാരണ ഗതിയില്‍ നിന്നും മൂന്ന് മടങ്ങ് ദേഷ്യം ഉണ്ടാകുമെന്നും കണ്ടെത്തി.