ലണ്ടൻ: കൊവിഡ് ബാധിച്ച ശേഷം രണ്ട് വർഷം കഴിഞ്ഞ് മുതിർന്ന ആളുകളിൽ ഡിമെൻഷ്യ (മറവിരോഗം, മേധക്ഷയം), അപസ്‌മാരം തുടങ്ങി നാഡീസംബന്ധവും മാനസികവുമായ രോഗങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് പഠനം. കൊവിഡ് അതിജീവിച്ച മുതിർന്നവർക്ക് കുട്ടികളെ അപേക്ഷിച്ച് നാഡീസംബന്ധവും മാനസികവുമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അതിന്‍റെ അപകട സാധ്യതയും കൂടുതലാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ യുകെയിലെ ഓക്സ്‌ഫോഡ് സർവകലാശാലയിലെ പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു.
അതേ സമയം ഈ വർദ്ധിച്ച അപകടസാധ്യതകളിൽ ചിലത്, കുറഞ്ഞത് രണ്ട് വർഷമെങ്കിലും നീണ്ടുനിൽക്കുമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. കൊവിഡിന് ശേഷം ഇത്തരം ആരോഗ്യ പ്രശ്‌നങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നും ഈ അവസ്ഥകളെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ എന്തുചെയ്യാനാകുമെന്നും മനസിലാക്കാൻ കൂടുതൽ ഗവേഷണത്തിന്‍റെ ആവശ്യകത ഉണ്ടെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്.