ന്യൂഡല്‍ഹി : എല്ലാ കാര്യങ്ങളിലും തികഞ്ഞവരായിരിക്കാനുള്ള നിരന്തരമായ സമ്മര്‍ദമാണ് ആളുകള്‍, പ്രത്യേകിച്ച് സ്‌ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്. ഒരു സൂപ്പര്‍ വുമണ്‍ ആകാന്‍ സ്‌ത്രീകള്‍ പല വേഷങ്ങളും എല്ലാം തികഞ്ഞ രീതിയില്‍ (സമൂഹം കല്‍പ്പിച്ച് നല്‍കുന്ന അലിഖിതമായ ചില കാര്യങ്ങള്‍ മാത്രമാണ് ഇവ) ചെയ്‌ത് ഫലിപ്പിക്കേണ്ടതുണ്ട്. തികഞ്ഞ ഒരമ്മ, ഭാര്യ, മകള്‍, സുഹൃത്ത് എന്നിങ്ങനെ നീളുന്നു അത്. ഇതിനെല്ലാം പുറമെ ജോലി ചെയ്യുന്ന (വീട്ടിലെ ജോലിയ്‌ക്ക് പുറമെ സാമ്പത്തിക ഭദ്രതയ്‌ക്കായി ചെയ്യുന്ന ജോലി) സ്‌ത്രീയാണെങ്കില്‍ കരിയര്‍ കൂടി നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
സ്വന്തം ഇഷ്‌ടത്തിനും താത്‌പര്യത്തിനും പുറമെ മറ്റുള്ളവരെ കൂടി സന്തോഷിപ്പിക്കാനും അവരുടെ പ്രതീക്ഷകള്‍ നിറവേറ്റാനും ശ്രമിക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഏറെ സമ്മര്‍ദം ഉണ്ടാക്കുന്ന കാര്യമാണ്. കാലക്രമേണ ഇത്തരം സമ്മര്‍ദം ഉത്‌കണ്‌ഠ (Anxiety), വിഷാദം (Depression) തുടങ്ങിയ രോഗാവസ്ഥയിലേക്ക് നയിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കും താത്‌പര്യങ്ങള്‍ക്കും പ്രഥമ സ്ഥാനം നല്‍കുമ്പോള്‍ സ്വയം പരിപാലിക്കാന്‍ സമയം കണ്ടെത്താന്‍ പലര്‍ക്കും സാധിക്കാറില്ല.
തൊഴിലിടങ്ങളിലെ സ്‌ത്രീ :ജോലി സ്ഥലത്തെ പിന്തുണയുടെയും ധാരണയുടെയും അഭാവമാണ് മറ്റൊരു വെല്ലുവിളി. തൊഴിലിടങ്ങളില്‍ ലിംഗം, നിറം, കുടുംബ പാരമ്പര്യം തുടങ്ങിയ കാര്യങ്ങളില്‍ വിവേചനം നേരിടുന്നവരാണ് ഏറെ സ്‌ത്രീകളും. ഇത്തരം വിവേചനം അവരുടെ കരിയറിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനും മികച്ച സ്ഥാനങ്ങളിലേക്ക് ഉയരുന്നതിനും വിലങ്ങുതടിയാകാറുണ്ട്. വിവേചനം ഏതൊരു വ്യക്തിയേയും ലിംഗ വ്യത്യാസമില്ലാതെ ഒറ്റപ്പെടുന്നതിലേക്കും അതുവഴി സങ്കീര്‍ണമായ മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് വിദഗ്‌ധര്‍ പറയുന്നു.
സിംഗിള്‍ പാരന്‍റ് എന്ന നിലയില്‍ പല സ്‌ത്രീകളും മാനസികാരോഗ്യത്തെ ബാധിക്കുന്ന രീതിയിലുള്ള നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അമിതമായ ഉത്‌കണ്‌ഠ, ഏകാന്തത എന്നിവയാണ് ഇത്തരം അമ്മമാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇത്തരം സാഹചര്യങ്ങളില്‍ സ്വയം പരിചരിക്കാന്‍ സമയം കണ്ടെത്താനും സമ്മര്‍ദം നിയന്ത്രിക്കാനും മാനസിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കാനും സ്‌ത്രീകള്‍ പഠിക്കേണ്ടതുണ്ട്.