സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറി സിംഗപ്പൂർ. വേൾഡ് ട്രാവൽ & ടൂറിസം കൗൺസിലിൻ്റെ കണക്കനുസരിച്ച് 2025ൽ ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണ് സിംഗപ്പൂര്‍. ഇവിടെ ഏറ്റവും കൂടുതൽ സന്ദര്‍ശനത്തിന് എത്തുന്നതാകട്ടെ ഇന്ത്യക്കാരും.
2019ൽ 1.11 ദശലക്ഷം സന്ദർശകരാണ് സിംഗപ്പൂരിലേക്ക് ഒഴുകിയതെങ്കിൽ 2025ൽ ഈ റെക്കോർഡിനെ തകർത്തുകൊണ്ട് 1.25 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ. സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് സിംഗപ്പൂർ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലായിടത്തും സിസിടിവി സജ്ജീകരണമുണ്ട്. തെരുവിൽ വച്ച് ആക്രമണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നിയമങ്ങൾ വളരെ കർശനമായതിനാൽ മാലിന്യം തള്ളുന്നത് പോലും ഈ രാജ്യത്ത് കുറ്റകൃത്യമാണ്. പുലർച്ചെ മൂന്ന് മണിക്ക് പോലും നിങ്ങൾക്ക് പേടികൂടാതെ തെരുവോരങ്ങളിൽക്കൂടി സഞ്ചരിക്കാവുന്നതാണ്.
പൊതുഗതാഗതം വളരെ കാര്യക്ഷമമാണ്. വിവിധ ഇടങ്ങളില്‍ കറങ്ങി കാഴ്‌ചകള്‍ ആസ്വദിക്കാന്‍ എത്തുന്നവരെ കാത്ത് എംആര്‍ടി സബ്‌വേയില്‍ നിരവധി ക്യാബുകളുണ്ടാകും. അതില്‍ ഒരെണ്ണം എടുത്ത് കാഴ്‌ചകള്‍ കാണാം. ഇനി അതിന് താത്‌പര്യമില്ലാത്തവര്‍ക്കായി ഇവിടെ ഇ-സ്‌കൂട്ടറുമുണ്ട്. അതിലൊന്ന് വാടകയ്‌ക്കെടുത്ത് ദിവസവും ഇതില്‍ കറങ്ങാം.
ഗേൾസ് ട്രിപ്പിന് സിംഗപ്പൂര്‍ തെരഞ്ഞെടുക്കാം:
1. ഓർച്ചാർഡ് റോഡ്
ഷോപ്പിങ് ഇഷ്‌ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്‌ത്രീകൾക്ക്. ഇത്തരക്കാരുടെ ഇഷ്‌ടയിടമാകും ഓർച്ചാർഡ് റോഡ്. നല്ല വിലയുള്ള ബ്രാന്‍ഡ് ഉത്‌പന്നങ്ങൾ മുതൽ ബജറ്റ് ഫ്രണ്ട്‌ലിയായിട്ടുള്ള ഉത്‌പന്നങ്ങൾ വരെ ഒരു കുടക്കീഴിൽ ഇവിടെ ലഭിക്കും. അതുകൊണ്ട് തന്നെ നമ്മുക്ക് ഇഷ്‌ടപ്പെടുന്നവയെല്ലാം ഇവിടെ നിന്നും പര്‍ച്ചേസ് ചെയ്യാം.
2. സെൻ്റോസ ദ്വീപ്
ട്രിപ്പിനിടയിൽ നിങ്ങൾക്ക് വിശ്രമിക്കാൻ തോന്നിയാൽ സെൻ്റോസ ദ്വീപിലേക്ക് വണ്ടി തിരിക്കാം. അവിടുത്തെ പലവാൻ ബീച്ചിൽ സൂര്യനെ നോക്കി കിടക്കുന്നൊരു സായാഹ്നം. എന്ത് രസമായിരിക്കും അല്ലേ. സെൻ്റോസ ദ്വീപിലുള്ള ഈ സ്ഥലം നിങ്ങൾക്ക് ഇഷ്‌ടമാകും.
സ്കൈഹെലിക്‌സ് എന്നത് വിനോദസഞ്ചാരികളുടെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രമാണ്. സമുദ്രനിരപ്പിൽ നിന്ന് 79 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുന്ന ഓപ്പൺ എയർ പനോരമിക് റൈഡായ സ്കൈഹെലിക്‌സ് നിങ്ങൾ ഉറപ്പായും അനുഭവിച്ചറിയേണ്ട ഒന്നാണ്. സെൻ്റോസ സന്ദർശിക്കുമ്പോൾ ഇവിടം മിസാക്കരുത് കേട്ടോ.
3. ലിറ്റിൽ ഇന്ത്യ
മറ്റൊരു രാജ്യത്ത് അല്ലെങ്കിൽ നിങ്ങൾ എവിടെയെങ്കിലും ദൂരയാത്ര ചെയ്യുമ്പോൾ 48 മണിക്കൂർ കവിയുന്നതിന് മുമ്പ് തന്നെ നാട്ടിലെ ഭക്ഷണം ഏറെ മിസ് ചെയ്യാറുണ്ട്. എന്നാൽ നിങ്ങള്‍ സിംഗപ്പൂരിലാണെങ്കിൽ നേരെ ലിറ്റിൽ ഇന്ത്യയിലേക്ക് വിട്ടാല്‍ മതി. അവിടെ നിങ്ങൾക്ക് കോമള വിലാസിലോ ദി ബനാന ലീഫ് അപ്പോളോയിലോ ബട്ടർ നാൻ, ചെട്ടിനാട് ചിക്കൻ, ആവി പറക്കുന്ന ഫിൽട്ടർ കോഫി എന്നിവ ആസ്വദിക്കാം. ഇവിടുന്ന് നിങ്ങൾക്ക് സിൽക്ക് സാരികൾ, സ്വർണാഭരണങ്ങൾ, മസാലകൾ എന്നിവ വാങ്ങാൻ ഏറ്റവും നല്ല സ്ഥലം കൂടിയാണിത്.
4. മറീന ബേ സാൻഡ്‌സ്
മറീന ബേ സാൻഡ്‌സിലാണോ നിങ്ങൾ..?, എന്നാൽ ഇവിടുത്തെ പൂളിൽ നീന്തിത്തുടിക്കാൻ തയ്യാറായിക്കൊള്ളൂ. പൂളാണ് മറീനയിലെ പ്രധാന ആകർഷണം. നിരവധി കാഴ്‌ചകള്‍ ഒരുക്കിയിട്ടുള്ള സാൻഡ്‌സ് സ്കൈപാർക്ക് സന്ദര്‍ശനം നിങ്ങള്‍ക്ക് സമ്മാനിക്കുക ഒരിക്കലും മറക്കാത്ത ഓര്‍മകളായിരിക്കും. അത്രയേറെയുണ്ട് ഇവിടെ കാണാനായിട്ട്. കുടുംബത്തോടൊപ്പവും കൂട്ടുകാര്‍ക്കൊപ്പവുമെല്ലാം സായാഹ്നം ആസ്വദിക്കാന്‍ കഴിയുന്ന ഒരിടം കൂടിയാണ് സാൻഡ്‌സ് സ്കൈപാർക്ക്.
5. ബേ ഗാർഡൻസ്
ബേ ഗാർഡൻസ് നിങ്ങൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു സ്ഥലമാണ്. വൃക്ഷസമാനമായിട്ടുള്ള ലൈറ്റുകൾ പതിപ്പിച്ചിട്ടുള്ള ഉയരം കൂടിയ ഇൻസ്റ്റലേഷനാണ്. ഈ ഇൻസ്റ്റലേഷനുകളെ ബന്ധിപ്പിച്ച് പാലങ്ങളുണ്ട്. ഈ പാലങ്ങളിൽക്കൂടി നിങ്ങൾക്ക് നടന്ന് ഉല്ലസിക്കാവുന്നതാണ്.
6. ക്ലാർക്ക് കവേ
നൈറ്റ് ലൈഫ് ആസ്വദിക്കണോ?... എന്നാൽ നേരെ ക്ലാർക്ക് കവേയിലേക്ക് വിട്ടോളൂ. നിങ്ങളുടെ ഗേൾസ് ഗ്യാങിന് പറ്റിയ സ്ഥലമാണിവിടം. ഇവിടത്തെ നദീതീരത്ത് ബാറുകളും റൂഫ്‌ടോപ്പ് ലോഞ്ചുകളും ഡാൻസ് ചെയ്യണമെന്ന് തോന്നിയാൽ അതിനുമുള്ള സൗകര്യമുണ്ട്. അതിനാൽ നൈറ്റ് ലൈഫ് ആസ്വദിക്കാൻ പറ്റിയ ഇവിടം മിസാക്കല്ലേ.
7. വെള്ളച്ചാട്ടത്തിനും ബട്ടർഫ്ലൈ ഗാർഡനും വേണ്ടിയുള്ള ചാംഗി വിമാനത്താവളം
നമ്മുടെ നാട്ടിലെ വിമാനത്താവളത്തിൽ വിമാനങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാൽ ഈ ചാംഗി വിമാനത്താവളം കുറച്ച് വ്യത്യസ്‌തമാണ്. ഇതൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ബട്ടര്‍ ഫ്ലൈ ഗാര്‍ഡനും നീന്തിത്തുടിക്കാനായി റൂഫിൽ നീന്തൽക്കുളവും ജുവൽ ചാംഗി വെള്ളച്ചാട്ടവും ഇവിടെയുണ്ട്. ഇതെല്ലാം കാണേണ്ട കാഴ്‌ചകള്‍ തന്നെയാണ്. യാത്രയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ചാംഗി വിമാനത്താവളം.