ഹൈദരാബാദ്: ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും ജിയോ സിനിമയും ലയിച്ച് പുതിയ സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാർ പ്രവർത്തനമാരംഭിച്ചത് അടുത്തിടെയാണ്. ഇതിനുപിന്നാലെ ഉപയോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും ആരംഭിച്ചിട്ടുണ്ട്. അതേസമയം നിലവിലുള്ള വരിക്കാരുടെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവസാനിക്കുന്നതുവരെ തുടരുമെന്ന് റിലയൻസ് ജിയോ അറിയിച്ചിരുന്നു. അതിനുശേഷം ലഭ്യമാവുക പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളായിരിക്കും.
ജിയോയും വോഡഫോൺ ഐഡിയയും അവരുടെ മൊബൈൽ പ്ലാനുകൾക്കൊപ്പം സൗജന്യ 'ജിയോഹോട്ട്സ്റ്റാർ' ആക്‌സസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നുവെച്ചാൽ മൊബൈൽ റീച്ചാർജുകൾക്കൊപ്പം പോലും ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഓരോ ടെലികോം ദാതാക്കളും ഏതൊക്കെ പ്ലാനുകൾക്കൊപ്പമാണ് സൗജന്യ ജിയോഹോട്ട്സ്റ്റാർ ആക്‌സസ് വാഗ്‌ദാനം ചെയ്യുന്നതെന്ന് നോക്കാം.
ജിയോയുടെ സൗജന്യ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ: ജിയോസിനിമയും ഹോട്ട്‌സ്റ്റാറും ഒന്നിക്കുന്നതിന് മുൻപ് നിരവധി റീച്ചാർജ് പ്ലാനുകൾക്കൊപ്പം സൗജന്യ ജിയോസിനിമ ആക്‌സസ് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ജിയോഹോട്ട്‌സ്റ്റാർ എന്ന പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതോടെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്ന രണ്ട് പ്ലാനുകൾ മാത്രമേ നിലവിൽ ജിയോ സിം ഉപയോക്താക്കൾക്ക് ലഭിക്കുകയുള്ളൂ.
- 195 രൂപയുടെ പ്ലാൻ: ക്രിക്കറ്റ് ഡാറ്റ പായ്ക്ക് എന്നറിയപ്പെടുന്ന 3 മാസത്തെ വാലിഡിറ്റി ലഭിക്കുന്ന ഡാറ്റ ആഡ് ഓൺ പ്ലാനാണ് ഇത്. ഈ റീച്ചാർജ് പ്ലാൻ ഉപയോഗിക്കുന്ന ജിയോ വരിക്കാർക്ക് 15 ജിബി ഡാറ്റയ്‌ക്കൊപ്പം 3 മാസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. വോയ്‌സ് കോളുകളോ എസ്‌എംഎസോ ഇല്ലാത്തതാണ് ഈ പ്ലാൻ. പരസ്യങ്ങളോടെയുള്ള സേവനങ്ങളായിരിക്കും ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാവുക. ഈ റീച്ചാർജ് പ്ലാൻ വഴി ഒരു ഉപകരണത്തിൽ എച്ച്ഡി റെസല്യൂഷനിലുള്ള കണ്ടന്‍റുകൾ കാണാൻ ഉപയോക്താക്കൾക്കാവും.
- 949 രൂപയുടെ പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന ഒരു പ്രീപെയ്‌ഡ് പ്ലാനാണ് ഇത്. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിനും 100 എസ്‌എംഎസിനും പുറമെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഈ റീച്ചാർജ് പ്ലാൻ ചെയ്യുന്നവരിൽ യോഗ്യരായ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും അല്ലാത്തവർക്ക് പ്രതിദിനം 2 ജിബി 4ജി ഡാറ്റയുമാണ് ലഭിക്കുക.
വോഡഫോൺ ഐഡിയയുടെ സൗജന്യ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ: വിഐയുടെ ചില പ്രീപെയ്‌ഡ് പ്ലാനുകൾ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം..
- 151 രൂപയുടെ പ്ലാൻ: 4 ജിബി ഡാറ്റ ലഭിക്കുന്ന ഡാറ്റ ആഡ് ഓൺ പ്ലാനാണ് ഇത്. 30 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന ഈ പ്ലാനിനൊപ്പം മൂന്ന് മാസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാറും ലഭിക്കും.
- 469 രൂപയുടെ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്രതിദിനം 2 ജിബി ഡാറ്റയും നൽകുന്നതിനൊപ്പം മൂന്ന് മാസത്തെ സൗജന്യ ജിയോഹോട്ട്‌സ്റ്റാർ ആക്‌സസും ലഭിക്കും. ഇത് കൂടാതെ ഈ റീച്ചാർജ് പ്ലാൻ മറ്റ് പല ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ദിവസവും 12AM മുതൽ 12PM വരെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. ആഴ്‌ച്ചയിൽ ഓരോ ദിവസത്തെയും ബാക്കി വരുന്ന ഡാറ്റ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഉപയോഗിക്കാനാവും.
- 994 രൂപയുടെ പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്‌എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളും നൽകുന്ന പ്ലാനാണ് ഇത്. ഇതിനൊപ്പം മൂന്ന് മാസത്തെ സൗജന്യ ജിയോഹോട്ട്‌സ്റ്റാർ ആക്‌സസും ലഭിക്കും. ഇത് കൂടാതെ ദിവസവും 12AM മുതൽ 12PM വരെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. മാത്രമല്ല ആഴ്‌ച്ചയിൽ ഓരോ ദിവസത്തെയും ബാക്കി വരുന്ന ഡാറ്റ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഉപയോഗിക്കാനാവും.
- 3,699 രൂപയുടെ പ്ലാൻ: വിഐയുടെ ഏറ്റവും ചെലവേറിയ ഒരു പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി മൊബൈൽ ഡാറ്റ, ഒരു വർഷത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ അംഗത്വം എന്നീ ആനുകൂല്യങ്ങൾ ഈ റീച്ചാർജിനൊപ്പം ലഭിക്കും..
എയർടെലിന്‍റെയും ബിഎസ്എൻഎല്ലിന്‍റെയും സൗജന്യ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ: എയർടെല്ലും ബിഎസ്എൻഎല്ലും ജിയോഹോട്ട്സ്റ്റാർ അംഗത്വത്തോട് കൂടിയ പ്രീപെയ്‌ഡ് പ്ലാനുകൾ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങൾ ടെലികോം ഉപയോക്താക്കൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഇതുവരെ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല.
Also Read:
- ജിയോ, എയർടെൽ, VI, BSNL സിം ഉപയോഗിക്കുന്നവര്‍ അറിയാൻ; 2025-ൽ ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാനുകൾ ഇവയെല്ലാം...
- ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും ഒന്നായി: ഒരു വർഷത്തേക്ക് 499 രൂപയുടെ പ്ലാൻ; മറ്റ് പ്ലാനുകൾ ഏതൊക്കെ വിലയിൽ?
- രണ്ട് സിം ഉപയോഗിക്കുന്നവരാണോ? വോയ്‌സ് കോൾ പ്ലാനുകളിൽ മികച്ചതേത്? ലാഭം ജിയോയോ എയർടെലോ അതോ വിഐയോ?
- 'ബിഎസ്എന്‍എല്ലും എംടിഎൻഎല്ലും ഉണ്ടല്ലോ'; ഇന്‍റർനെറ്റ് നിരക്ക് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി
- എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ?; ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ്