കോഴിക്കോട് : സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്‌ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് മുക്കം മലാംകുന്ന് സ്വദേശിയായ എസ്. ജിഷ്‌ണു (19) ആണ് ചേവായൂർ പൊലീസിന്‍റെ പിടിയിലായത്. 29 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി നല്‍കിയ പരാതിയിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവ വഴി ലിങ്ക് അയച്ചുനല്‍കും. പിന്നാലെ വിവിധ ടാസ്‌കുകള്‍ നൽകും. ടാസ്‌ക് പൂർത്തിയാക്കിയാൽ പണം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ കൊടുക്കാം എന്നുപറഞ്ഞ് വിവിധ ബാങ്ക് അക്കൗണ്ടുകൾ നൽകി അതിലേക്ക് പണം അയപ്പിച്ചതിലൂടെ 29 ലക്ഷം രൂപയാണ് ആതിര എന്ന യുവതിക്ക് നഷ്‌ടമായത്.
വിവിധ അക്കൗണ്ടുകളിലൂടെ കൈക്കലാക്കുന്ന പണം തുടർ ട്രാന്‍സ്‌ഫറുകളിലൂടെ നിമിഷനേരം കൊണ്ട് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയും, എടിഎം വഴി പിൻവലിച്ചുമാണ് തട്ടിപ്പ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു (Young man arrested for extorting lakhs through social media).
സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് വർധിക്കുന്നതായും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്‌താണ് തട്ടിപ്പുകൾ നടത്തുന്നത്. ടെലിഗ്രാം ആണ് ഇപ്പോൾ സാമ്പത്തിക തട്ടിപ്പിനായി കൂടുതൽ ഉപയോഗിക്കുന്നത്.