കോഴിക്കോട്: ലഹരി ഉപയോഗം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി വടകരയിലെ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്‌മയുടെ ഒരു ഫ്ലെക്‌സാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലഹരി വില്‍പനയും ഉപയോഗവും കര്‍ശനമായി നിരോധിച്ചിരിക്കുന്നു എന്ന തലക്കെട്ടോടെ തുടങ്ങുന്ന ഫ്ലക്‌സ് ബോര്‍ഡിലൂടെ നിരോധിത ലഹരി ഉപയോഗത്തിനെതിരെ കര്‍ശന താക്കീതും നാട്ടുകാര്‍ നല്‍കുന്നു.
ലഹരിക്ക് അടിമയായി സ്വന്തം അമ്മയെയും പെങ്ങളെയും വരെ തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയിലെത്തുന്നുവെന്ന ഭീതിജനകമായ സാഹചര്യവും നിലിനല്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വടകരക്കാരുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ നടുക്കിയ ചില കൊലപാതകങ്ങളിലും, തുടര്‍ന്ന് കൊണ്ടിരിക്കുന്ന ആക്രമണങ്ങളിലും പ്രതികള്‍ മാരകമായ ലഹരിക്ക് അടിമയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ലഹരിക്ക് എതിരെ ഒന്നിക്കൂ എന്ന സന്ദേശം വടകരയിലെ നാട്ടുകാര്‍ നല്‍കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ വര്‍ഷം ജനുവരിയില്‍ താമരശേരിയില്‍ മകൻ സ്വന്തം അമ്മയെ വെട്ടിക്കൊന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ലഹരിക്ക് അടിമയായിരുന്ന ആഷിഖ് ശസ്‌ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന മാതാവ് സുബൈദയെ തൊട്ടടുത്ത വീട്ടിൽ നിന്ന് ആയുധം വാങ്ങിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആഷിഖ് മാരക ലഹരിക്ക് അടിമയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ബംഗ്ലൂരുവിലേക്ക് പഠിക്കാൻ പോയ സമയത്തുള്ള കൂട്ടുകെട്ടില്‍ നിന്നാണ് ആഷിഖ് ലഹരിക്ക് അടിമപ്പെട്ടിരുന്നത്. ഈ ക്രൂരകൊലപാതകത്തിന് പിന്നാലെ ലഹരിക്കായി ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി ജനകീയ കൂട്ടായ്‌മകള്‍ രംഗത്തുവന്നിരുന്നു.
ഈ കൊലപാതകത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പേയാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നിന്നുമുള്ള കൊലപാതക പരമ്പരയുടെ വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രതി അഫാൻ സ്വന്തം അനുജനെയും പെണ്‍സുഹൃത്തിനെയും അടക്കം 5 പേരെ കൊലപ്പെടുത്തിയിരുന്നു. അഫാന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് ചികിത്സയില്‍ തുടരുകയാണ്.
പ്രതി അഫാനും കഴിഞ്ഞ ഒരു മാസത്തിന് മദ്യത്തിന് അടിമയായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. സംസ്ഥാനത്തെ കൊലപാതകങ്ങളിലും ആക്രമണങ്ങളില്‍ ലഹരി മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നും, ഏതുവിധേനയും ഇതിന് തുടച്ചുനീക്കണമെന്നുമുള്ള ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്‌ട്രീയമൊക്കെ മറന്ന് ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടാൻ നാട്ടുകാര്‍ തന്നെ ഒരുങ്ങുന്നത്.
ഇതിന്‍റെ ഭാഗമായി വടകരയിലെ ലഹരിവിരുദ്ധ ജനകീയ കൂട്ടായ്‌മ സ്ഥാപിച്ച ഫ്ലക്‌സ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കാണ്ടിരിക്കുകയാണ്. "ലഹരി വില്‍പനയും ഉപയോഗവും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കഞ്ചാവ്, എംഡിഎംഎ ഉള്‍പ്പെടെ നിരോധിത ലഹരി പദാര്‍ഥങ്ങളുടെ വില്‍പനയും ഉപയോഗവും കണ്ടാല്‍ നാട്ടുകാരുടെ കയ്യില്‍ നിന്നും അടി കിട്ടും, യാതൊരു ദയാദാക്ഷിണ്യവും ഉണ്ടാകുന്നതല്ല. ചോദിക്കാൻ വരുന്നവര്‍ക്കും അടി കിട്ടും. പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്യും" എന്നാണ് ലഹരിവിരുദ്ധ ജനകീയ കൂട്ടായ്‌മ വടകര സ്ഥാപിച്ച ബോര്‍ഡിലുള്ളത്. ഇക്കാലത്ത് ഇത് അത്യാവശ്യമാണെന്നും ലഹരിക്കെതിരെ ഒന്നിച്ചു പോരാടണമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും പിന്തുണച്ച് രംഗത്തെത്തി.