തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് ഇന്ന് പ്രതിഷേധ സമരം നടത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കുറ്റവാളികളെയും ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകര നിയോജക മണ്ഡലത്തിൽ വിവാദമായ 'കാഫിർ' സ്‌ക്രീൻഷോട്ട് സൃഷ്‌ടിച്ച് പ്രചരിപ്പിച്ചവരെയും പിണറായി വിജയൻ സർക്കാർ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് കൺവീനർ എംഎം ഹസൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പികെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, സിപി ജോൺ, അനൂപ് ജേക്കബ്, സിബു ബേബി ജോൺ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കും. സിനിമ മേഖലയില്‍ സ്ത്രീകളോടുള്ള മോശം പെരുമാറ്റവും ചൂഷണവും വെളിപ്പെടുത്തുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാർ അവഗണിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ കാഫിറായതിനാൽ വോട്ട് ചെയ്യരുതെന്ന് വടകര ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യക്ഷപ്പെട്ട പോസ്റ്റ് സിപിഎം കേന്ദ്രത്തില്‍ നിന്നാണ് ഉണ്ടായതെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് വിവാദമുണ്ടായത്. എന്നാൽ, മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ അശ്ലീലവും വർഗീയവുമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പ്രതിപക്ഷമാണ് എന്നാണ് സിപിഎം അവകാശപ്പെടുന്നത്.
Also Read: 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍': പൊലീസ്