കോഴിക്കോട് : താമരശേരിയിൽ മാവോയിസ്‌റ്റ് വേട്ടയ്ക്കിറങ്ങിയ ലോക്കൽ പൊലീസ് എസ്ഐ ഉൾപ്പെടെയുള്ള തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ കുത്തേറ്റു. തെരച്ചിലിന് ഇറങ്ങിയ 12 അംഗ സംഘാംഗങ്ങൾക്കും പ്രദേശവാസിയായ ഒരാൾക്കുമാണ് കുത്തേറ്റത്.
പെരുമണ്ണാമുഴി എസ്ഐ ജിതിൻ വാസ്, എസ്ഒജി എസ്ഐ ബിജിത്ത്, ഹവിൽദാർ വിജിൻ, കമാൻഡോകളായ ബിജു, ബിനീഷ്, സുജിത്ത്, ശരത്ത്, ജിതേഷ്, ഡെയ്‌സിൽ, വനിത കമാൻഡോകളായ നിത്യ, ശ്രുതി, ദർശിത ഇവർക്ക് പുറമേ നാട്ടുകാരനായ ബാബു എന്നയാൾക്കുമാണ് കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ കുത്തേറ്റത്. ഇന്നലെ (ഫെബ്രുവരി 26) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
നിരവധി തവണ മാവോവാദി സാന്നിധ്യം ഉണ്ടായിരുന്ന പ്രദേശമാണ് ഈങ്ങാപ്പുഴ മേഖലയിലെ കക്കാട്. ഉച്ചയോടെ പൊലീസ് സംഘം ഈ ഭാഗത്ത് തെരച്ചിലിന് ഇറങ്ങുകയായിരുന്നു. കാട്ടിലേക്ക് കയറുന്നതിനിടയിൽ ഈ ഭാഗത്തെ മരത്തിന് മുകളിൽ ഉണ്ടായിരുന്ന കാട്ടുതേനീച്ചയുടെ കൂട് ഇളകുകയും തേനീച്ചക്കൂട്ടം സംഘത്തിന് നേരെ പറന്നുവന്ന് കുത്തുകയുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖത്ത് ഉൾപ്പെടെ ദേഹമാസകലം കുത്തേറ്റ ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇവരെ പുറത്തെത്തിച്ചത്. തേനീച്ചയുടെ ആക്രമണത്തിൽ സാരമായി കുത്തേറ്റ എല്ലാവരെയും ആദ്യം ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: വീട്ടിലേക്ക് ഓടിക്കയറി കാട്ടുപന്നി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്- സിസിടിവി ദൃശ്യം