എറണാകുളം : സിപിഎം നേതാവ് പി. ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ ഒഴികെ ബാക്കിയെല്ലാ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി (Kerala High Court). രണ്ടാംപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത് (Kerala High Court).
രണ്ടാം പ്രതി പ്രശാന്തിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. പക്ഷേ വിചാരണക്കോടതി നൽകിയ ശിക്ഷ വെട്ടിക്കുറച്ചു. നേരത്തെ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന നിയമ വിരുദ്ധ സംഘം ചേരൽ അടക്കം പല വകുപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. വിചാരണക്കോടതി കണ്ടെത്തിയ എല്ലാകാര്യങ്ങളും രണ്ടാം പ്രതി പ്രശാന്തിനെതിരെ ഹൈക്കോടതിയില്‍ തെളിയിക്കാന്‍ ആയില്ല.
രണ്ടാം പ്രതി പ്രശാന്തിന് കീഴടങ്ങാന്‍ രണ്ട് മാസത്തെ സമയം അനുവദിച്ചു. സാക്ഷികള്‍ ആയുധം കൃത്യമായി തിരിച്ചറിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരെ വധശ്രമം തെളിയിക്കുവാനും, തക്ക തെളിവുകൾ ഹാജരാക്കാനും പ്രോസിക്യൂഷനായില്ല. വിചാരണക്കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ടുള്ള പ്രതികളുടെ അപ്പീലുൾപ്പടെ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് സോമരാജന്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.
കേസില്‍ ആര്‍എസ്എസ് ജില്ല കാര്യവാഹക് അടക്കം ആറ് പ്രതികളെ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചിരുന്നു. പത്തുവര്‍ഷത്തെ കഠിന തടവും പിഴയുമായിരുന്നു ശിക്ഷ. മൂന്ന് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു (P. Jayarajan assassination attempt case). ശിക്ഷിക്കപ്പെട്ട ആറ് പ്രതികള്‍ നല്‍കിയ അപ്പീലും മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലുമാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. 9 പ്രതികളില്‍ എട്ടുപേരും കുറ്റക്കാരല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.
കണിച്ചേരി അജി, മനോജ്, പാറ ശശി, എളന്തോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂപ്, ജയപ്രകാശന്‍, പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ജനുവരി 11ന് പ്രസ്താവിച്ച വിധിയുടെ പകർപ്പ് ഇപ്പോഴാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു പി.ജയരാജന്‍ വധശ്രമക്കേസ്. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിനത്തിലാണ് പി. ജയരാജനുനേരെ ആക്രമണമുണ്ടായത് (Kerala High Court). ആക്രമണത്തില്‍ പി.ജയരാജന്‍റെ കൈ വെട്ടിമാറ്റപ്പെട്ടിരുന്നു. നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് പി. ജയരാജന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്.