എറണാകുളം: വേനൽ ചൂടിൽ വലയുന്ന വന്യമൃഗങ്ങൾക്ക് ദാഹജലമൊരുക്കി വനം വകുപ്പ്. മനുഷ്യ മൃഗ സൗഹൃദത്തിന്‍റെ ഇടമായി മാറുകയാണ് നേര്യമംഗലം വനം റേഞ്ചിലെ ഇഞ്ചത്തൊട്ടി പ്രദേശം. ഫെൻസിങ്ങിന് അപ്പുറത്ത് ദാഹജലത്തിനായി കാത്തിരിക്കുന്ന കാട്ടാനക്കൂട്ടം.
വേനൽ ചൂടിൽ ദാഹിച്ച് വലയുന്ന കുട്ടിയാന ഉൾപ്പെടുന്ന കാട്ടാനക്കൂട്ടത്തിന്‍റെ നിസഹായത വനം വകുപ്പ് ജീവനക്കാരെ അസ്വസ്ഥരാക്കി. പിന്നെയവർ കൂടുതലൊന്നും ആലോചിച്ചില്ല. സർക്കാർ സഹായത്തിനോ, ഇടപെടലിനോ കാത്തിരിക്കാതെ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി മൃഗങ്ങൾക്കായി കുളം നിർമ്മിച്ച് നൽകി.
ഇതോടെ കാട്ടാനകൾ കൂട്ടമായെത്തി വെള്ളം കുടിച്ച് ശാന്തരായി മടങ്ങുന്നത് കോതമംഗലം ഇഞ്ചത്തൊട്ടി വനമേഖലയിലെ പതിവ് കാഴ്‌ചയായി. മനുഷ്യ മൃഗ സംഘർഷങ്ങൾ വർധിച്ചുവരുന്ന കാലത്ത് മനുഷ്യ മൃഗ സൗഹൃദത്തിന്‍റെ ഹൃദ്യമായ അനുഭവമാണ് ഈ പ്രദേശത്തിന് പറയാനുള്ളത്. പാറക്കെട്ടുകൾ നിറഞ്ഞ ഇഞ്ചത്തൊട്ടി വനമേഖലയിൽ വേനൽ കനത്തതോടെയാണ് വന്യമൃഗങ്ങൾ ദാഹജലത്തിനായി ബുദ്ധിമുട്ടി തുടങ്ങിയത്.
മുൻ കാലങ്ങളിൽ വനത്തിൽ നിന്നും നാട്ടിലിറങ്ങി സമീപത്തെ പെരിയാറില്‍ നിന്നും വെള്ളം കുടിച്ചായിരുന്നു മൃഗങ്ങൾ മടങ്ങിയത്. ഇത്തരത്തിൽ വേനൽ കാലത്ത് മൃഗങ്ങൾ നാട്ടിലിറങ്ങിയത് നിരവധി പ്രശ്‌നങ്ങൾക്കും മനുഷ്യ മൃഗ സംഘർഷങ്ങൾക്കും കാരണമായിരുന്നു. ഇതേ തുടർന്നാണ് ഈ മേഖലയിൽ വനം വകുപ്പ് ഫെൻസിങ് നിർമിച്ചത്.
ഇതോടെയാണ് കാട്ടാന ഉൾപ്പടെയുളള മൃഗങ്ങൾ വെള്ളം കിട്ടാതെ വലഞ്ഞത്. ഇവിടെ വനം വകുപ്പ് ജീവനക്കാർ ആറ് മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയും ഒരു മീറ്റർ ആഴവുമുളള കുഴിയെടുത്ത് താർ പോളിൻ ഷീറ്റ് വിരിച്ച് അമ്പതിനായിരം ലിറ്റർ കപ്പാസിറ്റിയുള്ള കൃത്രിമ കുളം നിർമിക്കുകയായിരുന്നു. ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് ഈ കുളത്തിൽ ജല ലഭ്യതയുറപ്പാക്കുന്നത്.
ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ ഈ കുളത്തിൽ വന്ന് വെള്ളം കുടിച്ച് ദാഹം അകറ്റുന്നുണ്ടെന്നും കുളം കുഴിച്ചതോട് കൂടി ഈ മേഖലയിൽ കാട്ടാനകൾ പൊതുവെ ശാന്തരാണെന്നും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജി.ജി സന്തോഷ് വ്യക്തമാക്കി. വനാതിർത്തികളിൽ കൃത്രിമ ജലാശയങ്ങൾ നിർമിച്ച് മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാനുള്ള പദ്ധതി വനം വകുപ്പ് നടപ്പാക്കാനിരിക്കെയാണ് സ്വന്തം നിലയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കി ഇഞ്ചത്തൊട്ടി വനമേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മാതൃകയായത്.
Also Read: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് പുലിക്ക് പരിക്ക്