എറണാകുളം: കൊച്ചി മെട്രോ തൃപ്പൂണിത്തുറ സ്‌റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ പരിശോധന പൂർത്തിയായി. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന സ്‌റ്റേഷൻ വരെ
സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഫെബ്രുവരി 12, 13 തീയതികളിലാണ് തൃപ്പൂണിത്തുറ സ്‌റ്റേഷനിൽ നടന്ന ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ പരിശോധന നടത്തിയത് (Chief Metro Rail Safety Commissioner inspection completed at Thrippunithura metro station in kochi).
തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ, സിസ്‌റ്റം, സിംഗ്നലിംങ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മിഷണർ പരിശോധിച്ചത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ കമ്മീഷണർ അനന്ദ് എം ചൌധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. തൃപ്പൂണിത്തുറ സ്‌റ്റേഷൻ നിന്ന് മെട്രോ സർവ്വീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം നൽകിക്കൊണ്ടുള്ള ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ മറുപടി ഉടൻ ലഭിക്കുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.
തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടേത്. അതേസമയം തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിലെ അവസാനഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ സ്‌റ്റേഷൻ നിർമ്മാണം പൂർത്തിയാക്കിയയത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.
ഓപ്പൺ വെബ് ഗിർഡർ സാങ്കേിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്‌റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്‌റ്റേഷൻ വരെ 25 സ്‌റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക.
പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളും ഇതോടൊപ്പം പുരോഗമിക്കുകയാണ്. സർവ്വീസ് ആരംഭിച്ച് 5 വർഷത്തിനുള്ളിൽ പ്രവർത്തന ചെലവുകൾ വരുമാനത്തിൽ നിന്ന് തന്നെ നിറവേറ്റാൻ കഴിഞ്ഞ സാമ്പത്തിക വർഷം കെഎംആർഎല്ലിന് സാധിച്ചുവെന്നതും കൊച്ചി മെട്രോയുടെ വളർച്ചയാണ് സൂചിപ്പിക്കുന്നത്. തൃപ്പൂണിത്തുറ സ്‌റ്റേഷനിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.
സാങ്കേതിക വിദ്യയിൽ മറ്റ് മെട്രോകളെ പിന്നിലാക്കി കൊച്ചി മെട്രോ മുന്നോട്ടുവച്ച മാതൃകയിലൂടെ കെഎംആർഎല്ലിന് പ്രവർത്തന ചെലവുകളെ പിടിച്ചുനിർത്തുവാൻ സാധിച്ചു. പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന മഴവെള്ള സംഭരണം, സൗരോർജ്ജ പദ്ധതികൾ എന്നിവയും കൊച്ചി മെട്രോയെ വേറിട്ടതാക്കുന്നു. ഡിജിറ്റൽ ടിക്കറ്റിംഗിലും കൊച്ചി മെട്രോ ബഹുദൂരം പിന്നിട്ടു കഴിഞ്ഞു. കൊച്ചി വൺ ആപ്പ് വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം നിരവധിയാളുകളാണ് ഉപയോഗിക്കുന്നത്. വാട്‌സ്‌ആ പ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സേവനം നിലവിൽ വന്നതോടെ ക്യൂ ഇല്ലാതെ ടിക്കറ്റ് എടുക്കാനുള്ള സാഹചര്യമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്.