എറണാകുളം : മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി ക്രൂരമർദനത്തെ തുടർന്നു മരിച്ച സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയ കേസെടുക്കുന്നതിനായി ചീഫ് ജസ്‌റ്റിസിന്‍റെ അനുമതി തേടാൻ ഹൈക്കോടതി രജിസ്ട്രിക്ക് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി (Murder Of Two And A Half Year Old Girl Death In Kalikavu).
കേരളത്തിൽ ഇത്തരം സംഭവം നടന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയ സംഭവം വിവരണാതീതമായി വേദനിപ്പിക്കുന്നതായും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സമാനമായ കേസ് തൊടുപുഴയിൽ നേരത്തെ റിപ്പോർട്ട് ചെയ്‌തതും കോടതി ചൂണ്ടിക്കാട്ടി.
ഒരാഴ്‌ചയോളം നീണ്ട മർദനത്തെ തുടർന്നാണ് ഫാത്തിമ മരിച്ചതെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഫായിസിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 24 നാണ് കുട്ടിയെ അനക്കമില്ലാത്ത നിലയിൽ ആശുപത്രിയിലെത്തിച്ചത്. പിന്നീട് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കുട്ടി അതിക്രൂരമായ മർദനത്തിന് ഇരയായെന്ന് വ്യക്തമായത്.