കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ മൂന്ന് വീടുകളിൽ മോഷണം. ഇന്ന് (മെയ് 1) പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് മോഷണം നടന്നത്. മൂന്ന് പേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് വിവരം. കുറ്റിക്കാട്ടൂർ എ എൽ പി സ്‌കൂളിന് സമീപത്ത് താമസിക്കുന്ന കുറ്റിപ്പുറത്ത് സുനീറയുടെയും തയ്യിൽ തൊടികയിൽ ഹബീബിന്‍റെയും ചാലിയിറക്കൽ ഷമീറിന്‍റെയും വീട്ടിലാണ് മോഷണം നടന്നത്.
സുനീറയുടെ വീടിൻ്റെ പുറകുവശത്തെ വാതിലിന്‍റെ പൂട്ട് തകർത്താണ് മോഷ്‌ടാക്കൾ അകത്തു കടന്നത്. സുനീറയുടെയും മകളുടെയും ആഭരണങ്ങൾ മോഷ്‌ടാക്കൾ മുറിച്ചെടുത്തിട്ടുണ്ട്. സുനീറയുടെ കഴുത്തിൽ നിന്നും ആഭരണം പറിച്ചെടുക്കുമ്പോഴാണ് മോഷ്‌ടാക്കൾ അകത്തു കയറിയ വിവരം അറിയുന്നത്.
ബഹളം വച്ചതോടെ മോഷ്‌ടാക്കൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. 10 പവന്‍റെ ആഭരണം മോഷണം പോയതായാണ് വീട്ടുകാർ പറയുന്നത്. മോഷണ സംഘത്തിൽ മൂന്നു പേർ ഉണ്ടായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. തൊട്ടടുത്തുള്ള ഹബീബിന്‍റെ ആളില്ലാത്ത വീട്ടിൽ നിന്നും 5000 രൂപയാണ് കവർന്നത്. ഷമീറിൻ്റെ വീട്ടിൽ നിന്നും പള്ളിക്ക് സംഭാവന നൽകാൻ സൂക്ഷിച്ച പണപ്പെട്ടിയും മോഷ്‌ടാക്കൾ കൊണ്ടുപോയിട്ടുണ്ട്.
മോഷണത്തെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
Also Read: സിസിടിവി ക്യാമറ തുണികൊണ്ട് മൂടി ; ബാലുശ്ശേരിയിൽ ക്ഷേത്രഭണ്ഡാരം തകർത്ത് കവര്‍ച്ച