ചറ്റോഗ്രാം : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 48 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ചരിത്ര നേട്ടവുമായി ശ്രീലങ്ക. ടോസ് നേടി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 531 റണ്‍സാണ് നേടിയത്. ടെസ്റ്റ് ഇന്നിങ്‌സില്‍ ഒരു ബാറ്റര്‍ പോലും സെഞ്ച്വറി നേടാതെ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്.
ഇന്ത്യയുടെ പേരിലായിരുന്നു മുന്‍പ് ഈ റെക്കോഡ്. 1976ല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 524-9 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഈ കളിയില്‍ ഇന്ത്യയ്‌ക്കായി ആരും തന്നെ സെഞ്ച്വറിയടിച്ചിരുന്നില്ല.
അതേസമയം, ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയുടെ ആറ് ബാറ്റര്‍മാരാണ് അര്‍ധസെഞ്ച്വറി നേടിയത്. ഏഴാം നമ്പറില്‍ ക്രീസിലെത്തിയ കമിണ്ടു മെന്‍ഡിസ് 92 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ അസിത ഫെര്‍ണാണ്ടോ റണ്‍ഔട്ട് ആയതോടെ ലങ്കൻ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ശ്രീലങ്കൻ നിരയില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് 93 റണ്‍സ് നേടിയാണ് പുറത്തായത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ലങ്കയ്‌ക്കായി നിഷാൻ മധുഷ്‌കയും ദിമുത് കരുണാരത്നയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. 96 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും നേടിയത്. 105 പന്തില്‍ 57 റണ്‍സ് നേടിയ മധുഷ്‌ക റണ്‍ഔട്ട് ആയതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു.
രണ്ടാം വിക്കറ്റില്‍ കരുണാരത്നയെ കൂട്ടുപിടിച്ച് കുശാല്‍ മെന്‍ഡിസ് ലങ്കൻ സ്കോര്‍ ഉയര്‍ത്തി. 114 റണ്‍സാണ് സഖ്യം നേടിയത്. സ്കോര്‍ 210ല്‍ നില്‍ക്കെ 86 റണ്‍സുമായി കരുണാരത്നെ മടങ്ങി.
72-ാം ഓവറിലാണ് കുശാല്‍ മെന്‍ഡിസിനെ ലങ്കയ്‌ക്ക് നഷ്‌ടമാകുന്നത്. നാലാമനായി എത്തിയ എയ്‌ഞ്ചലോ മാത്യൂസിന് 23 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ദിനേശ് ചാന്ദിമല്‍ (59), ക്യാപ്‌റ്റൻ ധനഞ്ജയ ഡി സില്‍വ (70) എന്നിവരും ലങ്കയ്‌ക്കായി അര്‍ധസെഞ്ച്വറി നേടി. പ്രബത് ജയസൂര്യ (28), വിശ്വ ഫെര്‍ണാണ്ടോ (11), ലഹിരു കുമാര (6) എന്നിവരാണ് പുറത്തായ മറ്റ് ലങ്കൻ താരങ്ങള്‍.
മത്സരത്തില്‍ ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസൻ മൂന്ന് വിക്കറ്റ് നേടി. ഹസൻ മഹ്‌മുദ് രണ്ട് വിക്കറ്റായിരുന്നു ബംഗ്ലാദേശിനായി സ്വന്തമാക്കിയത്. അതേസമയം, മറുപടി ബാറ്റിങ്ങില്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ നാലിന് 115 എന്ന നിലയിലാണ് ബംഗ്ലാദേശ്.