ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രമീയര്‍ ലീഗില്‍ ( Indian Premier League) ഏറെ ആരാധകരുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore ). 2008-ലെ പ്രഥമ സീസണ്‍ മുതല്‍ക്ക് ഐപിഎല്ലിന്‍റെ ഭാഗമായ റോയല്‍ ചലഞ്ചേഴ്‌സിനെ ആര്‍സിബി (RCB) എന്ന ചുരുക്കപ്പേരിലാണ് ആരാധകര്‍ വിളിക്കുന്നത്. 2014-ല്‍ ബാഗ്ലൂര്‍ നഗരത്തിന്‍റെ പേര് ബംഗളൂരു എന്ന് ഔദ്യോഗികമായി മാറ്റിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ പേരിലൊരു മാറ്റത്തിന് മുതിര്‍ന്നിരുന്നില്ല.
എന്നാല്‍ ഇത്തവണ 'റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍' എന്ന പേര് 'റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു' എന്നാക്കിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഫ്രാഞ്ചൈസി. ഇതു സംബന്ധിച്ച് ഒരു പ്രൊമോ വീഡോ ആര്‍സിബി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. കന്നഡ സൂപ്പര്‍ താരം റിഷഭ് ഷെട്ടിയാണ് (Rishab Shetty) വീഡിയോയിലെ പ്രധാന ആകര്‍ഷണം.
റോയല്‍-ചലഞ്ചേഴ്‌സ്-ബാംഗ്ലൂര്‍ എന്നിങ്ങനെ എഴുതിയ തുണികള്‍ പുറത്തിട്ട മൂന്ന് പോത്തുകളുടെ അടുത്തേക്ക് മീശപിരിച്ചുകൊണ്ട് റിഷഭ് ഷെട്ടി നടന്നെത്തും 'ബാംഗ്ലൂര്‍' എന്ന് എഴുതിയിരിക്കുന്ന അവസാന പോത്തിന് അടുത്തെത്തി ഇത് വേണ്ടെന്ന് പറയുന്നതുമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. മാര്‍ച്ച് 19-നായിരിക്കും പുതിയ പേര് ആര്‍സിബി ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ഐപിഎല്ലിന്‍റെ കഴിഞ്ഞ 16 പതിപ്പുകളിലും കളിച്ചെങ്കിലും ഒരിക്കല്‍ പോലും കിരീടം ഉയര്‍ത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല. പേരുമാറ്റം ഇനി ഭാഗ്യം കൊണ്ടുവരുമോയെന്നാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്. അതേസമയം ഐപിഎല്ലില്‍ പേരുമാറ്റുന്ന ആദ്യത്തെ ഫ്രാഞ്ചൈസിയല്ല റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ്, പഞ്ചാബ് കിങ്‌സാവുകയും പിന്നീട് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഡല്‍ഹി ക്യാപിറ്റല്‍സാവുകയും ചെയ്‌തിട്ടുണ്ട്. പേരുമാറ്റി ഭാഗ്യം പരീക്ഷിച്ചുവെങ്കിലും ഇതുവരെ ഐപിഎല്ലില്‍ ഒരു തവണ പോലും ചാമ്പ്യന്മാരാവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ശ്രദ്ധേയമാണ്.
അതേസമയം മാര്‍ച്ച് 22-നാണ് ഐപിഎല്‍ (IPL 2024) 17-ാം പതിപ്പ് തുടങ്ങുന്നത്. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളിക്കാന്‍ ഇറങ്ങും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം നടക്കുന്നത്.
ALSO READ: ഡല്‍ഹിക്ക് കനത്ത തിരിച്ചടി; ദക്ഷിണാഫിക്കന്‍ സ്റ്റാര്‍ പേസര്‍ പുറത്ത്, പകരം ഓസീസ് കൗമാരക്കാരന്‍
ആർസിബി സ്ക്വാഡ്: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), ഗ്ലെൻ മാക്സ്‌വെൽ, വിരാട് കോലി, രജത് പാടിദാർ, ദിനേശ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്‌സ്, അനുജ് റാവത്ത്, മഹിപാൽ ലോംറോർ, കർൺ ശർമ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ, വിജയ്‌കുമാർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്‌ലി, ഹിമാൻഷു ശർമ, രാജൻ കുമാർ, കാമറൂൺ ഗ്രീൻ, അൽസാരി ജോസഫ്, യാഷ് ദയാൽ, ടോം കറൻ, ലോക്കി ഫെർഗൂസൻ, സ്വപ്നിൽ സിങ്, സൗരവ് ചൗഹാൻ.