ഡബ്ലിൻ : ബയേര്‍ ലെവര്‍കൂസന്‍റെ സീസണിലെ അപരാജിത കുതിപ്പിന് യുവേഫ യൂറോപ്പ ലീഗ് ഫൈനലില്‍ അവസാനം. ഇറ്റാലിയൻ ക്ലബ് അറ്റലാന്‍റയാണ് സാബി അലോൻസോയുടെയും സംഘത്തിന്‍റെയും കുതിപ്പിന് തടയിട്ട് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായത്. അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നടന്ന കലാശക്കളിയില്‍ ലുക്ക്‌മാന്‍റെ ഹാട്രിക്ക് മികവില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അറ്റലാന്‍റ ജര്‍മൻ ക്ലബിനെ തകര്‍ത്തത്.
യൂറോപ്പ ലീഗില്‍ അറ്റലാന്‍റയുടെ ആദ്യത്തെ കിരീടനേട്ടമാണിത്. അറ്റലാന്‍റ പരിശീലകൻ ഗാസ്‌പിരിനിയ്‌ക്കും കരിയറിലെ ആദ്യ കിരീടനേട്ടം.
തോല്‍വി അറിയാതെ 51 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഡബ്ലിനില്‍ യൂറോപ്പ ലീഗ് ഫൈനലിനായി ബയേര്‍ ലെവര്‍കൂസൻ അറ്റലാന്‍റയെ നേരിടാൻ ഇറങ്ങിയത്. സീസണില്‍ തോല്‍വികളൊന്നും വഴങ്ങാതെ യൂറോപ്പ കിരീടം സ്വന്തമാക്കുക എന്നതായിരുന്നു സാബി അലോണ്‍സോയുടെയും കൂട്ടരുടെയും ലക്ഷ്യം. എന്നാല്‍, ലെവര്‍കൂസന്‍റെ പ്രതീക്ഷകളെ അപ്പാടെ ഇല്ലാതാക്കാൻ ഈ സീസണില്‍ നപ്പോളി, എഎസ് റോമ, സ്പോര്‍ട്ടിങ് സിപി, ലിവര്‍പൂള്‍ ടീമുകളെ തകര്‍ത്ത അറ്റലാന്‍റയ്‌ക്കായി.
ഡബ്ലിനിലെ കലാശപ്പോരില്‍ മത്സരത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ അറ്റലാന്‍റയുടെ ആധിപത്യമായിരുന്നു. 12-ാം മിനിറ്റിലാണ് ലുക്ക്‌മാൻ അറ്റലാന്‍റയ്‌ക്ക് ലീഡ് സമ്മാനിക്കുന്നത്. ഡേവിഡ് സപ്പകോസ്റ്റയുടെ പാസില്‍ നിന്നായിരുന്നു ലുക്ക്‌മാന്‍റെ ഗോള്‍.
26-ാം മിനിറ്റില്‍ അറ്റലാന്‍റ മധ്യനിരതാരം രണ്ടാമത്തെ ഗോളും ലെവര്‍കൂസന്‍റെ വലയില്‍ എത്തിച്ചു. ബോക്‌സിന് പുറത്ത് നിന്നുള്ള തകര്‍പ്പൻ ഫിനിഷിങ്ങിലൂടെയായിരുന്നു ലുക്ക്‌മാൻ രണ്ടാം ഗോള്‍ നേടിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ പിന്നീട് ഗോളുകള്‍ ഒന്നും പിറന്നില്ല.
മത്സരത്തിന്‍റെ 75-ാം മിനിറ്റില്‍ താരം ഹാട്രിക് പൂര്‍ത്തിയാക്കി. കൗണ്ടര്‍ അറ്റാക്കിന് ഒടുവില്‍ ആയിരുന്നു അറ്റലാന്‍റ താരം ലക്ഷ്യം കണ്ടത്. ഈ സീസണില്‍ മുന്‍പും അവസാന നിമിഷങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ലെവര്‍കൂസന് പക്ഷെ യൂറോപ്പ ലീഗ് ഫൈനലില്‍ അതിന് സാധിച്ചില്ല. ഇതോടെ, അറ്റലാന്‍റ ഡബ്ലിനില്‍ വിജയം ആഘോഷിച്ചപ്പോള്‍ ജര്‍മൻ ക്ലബായ ലെവര്‍കൂസന് കണ്ണീരോടെ മടങ്ങേണ്ടി വന്നു.