വസ്ത്രങ്ങൾ അലക്കുമ്പോൾ കളർ ഇളകി പോകുന്നത് സാധാരണയാണ്. എന്നാൽ വലിയ വില കൊടുത്ത് വാങ്ങിയ വസ്ത്രങ്ങൾ രണ്ട് മൂന്ന് തവണ ഇടുമ്പോഴേക്കും നരച്ചു പോകുന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നിറം ഇളകി പോകാതെയും നരയ്ക്കാതെയും വസ്ത്രങ്ങൾ അലക്കിയെടുക്കാനുള്ള വഴികൾ തേടിയിട്ടുള്ളവരായിരിക്കും പലരും. എന്നാൽ ഇതോർത്ത് ഇനി ആരും വിഷമിക്കേണ്ട. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇതാ ചില എളുപ്പ വഴികൾ.
ഉപ്പുവെള്ളം
പുതിയ വസ്ത്രങ്ങൾ കഴുകുന്നതിന് മുമ്പ് ഉപ്പ് വെള്ളത്തിൽ ഇട്ടു വയ്ക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് വസ്ത്രങ്ങളുടെ നിറം ഇളകി പോകുന്നത് തടയാനും പുതുമ നിലനിർത്താനും സഹായിക്കും. അതിനായി ഒരു ബക്കറ്റിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഒരു കപ്പ് ഉപ്പ് ചേർത്ത് മിക്‌സ് ചെയ്യുക. 15 മിനിറ്റ് ഈ വെള്ളത്തിൽ വസ്ത്രങ്ങൾ മുക്കി വയ്ക്കുക. ശേഷം കഴുകി എടുക്കാം
വിനാഗിരി
വത്രങ്ങളുടെ നിറം മങ്ങാതിരിക്കാൻ സഹായിക്കുന്ന മറ്റൊരു വസ്‌തുവാണ് വിനാഗിരി. പുതിയ വസ്ത്രങ്ങൾ ആദ്യം അലക്കുന്നതിന് മുമ്പായി വിനാഗിരി വെള്ളത്തിൽ മുക്കി വയ്ക്കുക. അതിനായി ഒരു ബക്കറ്റിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഒന്നരകപ്പ് വിനാഗിരി ഒഴിക്കുക. ശേഷം വസ്ത്രങ്ങൾ ഇതിൽ മുക്കി വയ്ക്കുക. അൽപനേരം കഴിഞ്ഞ് ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ വസ്ത്രങ്ങൾ പുത്തനായി നിലനിർത്താൻ സഹായിക്കും.
ഡ്രൈയർ ഉപയോഗിക്കരുത്
വസ്ത്രങ്ങൾ വേഗത്തിൽ ഉണങ്ങാനായി ഡ്രൈയർ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാൽ പതിവായി ഈ രീതിയിൽ ഉണക്കുമ്പോൾ തുണിയുടെ മൃദുലത നഷ്‌ടപ്പെടാനും നൂൽ പൊന്തിവരാനും ഇടയാക്കും. ഇത് വസ്ത്രങ്ങൾ പെട്ടന്ന് നശിക്കാൻ കാരണമാകും. അതിനാൽ നല്ല വസ്ത്രങ്ങൾ ഡ്രൈയറിൽ ഉണക്കാതിരിക്കുന്നതാണ് നല്ലത്.
ചൂടുവെള്ളത്തിൽ കഴുകരുത്
വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകാതിരിക്കുക. ഇത് വസ്ത്രങ്ങളുടെ നിറം നഷ്‌ടപ്പെടാനും പെട്ടന്ന് നരക്കാനും കാരണമാകും. അതിനാൽ നല്ല വസ്ത്രങ്ങൾ ഒരിക്കലും ചൂടുവെള്ളത്തിൽ കഴുകരുത്. പുത്തൻ വസ്ത്രങ്ങൾ അലക്കാൻ തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക.
ഇസ്‌തിരിയിടുമ്പോൾ ശ്രദ്ധിക്കുക
വസ്ത്രങ്ങൾ അയേൺ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണം. അമിതമായ ചൂടിൽ അവസ്‌ത്രങ്ങൾ തേയ്‌ക്കുമ്പോൾ വസ്ത്രങ്ങളുടെ കളർ മങ്ങാൻ കാരണമായേക്കും. അതിനാൽ ഉൾഭാഗം മറിച്ചിട്ട് തേച്ചു മിനുക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് വസ്ത്രങ്ങളുടെ നിറം പെട്ടന്ന് മങ്ങാതിരിക്കാൻ സഹായിക്കും.
മറച്ചിട്ട് ഉണക്കുക
വസ്ത്രങ്ങൾ വെയിലത്തിട്ട് ഉണക്കുമ്പോൾ ഉൾഭാഗം മറച്ചിട്ട് ഉണക്കുക. വെയിൽ ഏൽക്കുമ്പോൾ തുണി പെട്ടന്ന് നരച്ചു പോകാൻ ഇടയാക്കും. അതിനാൽ വസ്ത്രങ്ങൾ വേഗത്തിൽ നശിക്കാതിരിക്കാൻ ഈ കാര്യം കൂടി ശ്രദ്ധിക്കുക.
Also Read : വാഷിങ് മെഷീൻ ഈസിയായി വൃത്തിയാക്കാം; ഇവ മാത്രം മതി