പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് താരൻ. ചെറിയ തോതിൽ ആരംഭിക്കുന്ന ഈ പ്രശ്‍നം തുടക്കത്തിലേ വേണ്ടവിധം കൈകാര്യം ചെയ്‌തില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. പൊടി, അഴുക്ക് എന്നിവ അടിഞ്ഞു കൂടുന്നതും എണ്ണമയം കൂടുന്നതും കുറയുന്നതുമൊക്കെ താരന്‍ ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങളാണ്. പതിവായി ഹെൽമറ്റ് ഉപയോഗിക്കുന്നവരിലും താരൻ കൂടുതലായി കണ്ടുവരാറുണ്ട്. താരന്‍റെ മറ്റ് പ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വരണ്ട ചർമ്മം
താരൻ ഉണ്ടാക്കുന്ന ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണ് വരണ്ട ചർമ്മമെന്ന് ഡെർമറ്റോളജി റിസർച്ച് ആൻഡ് പ്രാക്‌ടീസിലെ ഒരു പഠനത്തിൽ പറയുന്നു. ശൈത്യകാലത്ത് പ്രത്യേകിച്ച് തണുത്ത വായു, ഈർപ്പത്തിന്‍റെ അഭാവം എന്നിവ തലയോട്ടി വരണ്ടതാകാൻ ഇടയാക്കും.
മലസെസിയ ഫംഗസ്
താരൻ ഉണ്ടാകാനുള്ള മറ്റൊരു പ്രധാന ഘടകമാണ് തലയോട്ടിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മലസെസിയ ഫംഗസ്. ഈ ഫംഗസിന്‍റെ അമിത വളർച്ച താരൻ ഉണ്ടാക്കാൻ കാരണമാകുമെന്ന് ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. രോമകൂപങ്ങൾ ഉത്പാദിപ്പിക്കുന്ന എണ്ണ ഈ ഫംഗസുകൾ ഭക്ഷിക്കുകയും ചർമ്മകോശങ്ങളെ പ്രോകോപിപ്പിക്കാനും അടരുകളായി കാണപ്പെടുന്ന ചർമ്മകോശങ്ങൾ പൊഴിക്കുക്കാനും ഇത് കാരണമാകും.
എണ്ണമയമുള്ള തലയോട്ടി
എണ്ണമയമുള്ള തലയോട്ടിയിൽ സെബം അടിഞ്ഞു കൂടാൻ ഇടയാകും. ഇത് ഫംഗസ് വളർച്ചയ്ക്ക് കാരണമാകുകയും താരൻ വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും.
തെറ്റായ ഉത്പന്നങ്ങളുടെ ഉപയോഗം
രാസവസ്‌തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ അമിത ഉപയോഗം തലയോട്ടിയിൽ പ്രകോപനം ഉണ്ടാക്കുകയും താരന് കാരണമാകും ചെയ്യും. അതിനാൽ വീര്യം കൂടിയ ഷാംപൂകൾ, ഹെയർ സ്പ്രേകൾ, ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
ശുചിത്വമില്ലായ്‌മ
പതിവായി തലമുടി കഴുകാതിരിക്കുന്നത് തലയോട്ടിയിൽ എണ്ണ, അഴുക്ക് എന്നിവ അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് തലയോട്ടിയിൽ താരൻ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. എന്നാൽ ദിവസേന തലമുടി കഴുകുന്നതും നല്ലതല്ല. തലയോട്ടിയിലെ സ്വാഭാവിക എണ്ണ ഇല്ലാതാക്കാനും വരണ്ടതാകാനും ഇത് ഇടയാക്കും.
സമ്മർദ്ദവും ഹോർമോൺ വ്യതിയാനവും
സമ്മർദ്ദം ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് രോഗപ്രതിരോധ ശേഷി കുറയാനും തലയോട്ടിയിൽ അണുബാധ, താരൻ എന്നിവ പോലുള്ള അസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ഉറക്കം എന്നിവയെല്ലാം സമ്മർദ്ദത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
കാലാവസ്ഥയിലെ മാറ്റം
കാലാവസ്ഥയിലെ മാറ്റങ്ങളും തലയോട്ടിയിലെ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. മഴക്കാലത്ത് തലയോട്ടിയിൽ അമിതമായ ഈർപ്പം നിലനിൽക്കാനും ഫംഗസ് വളർച്ച വർധിക്കാനും ഇടയാക്കും. ശൈത്യകാലത്ത് തലയോട്ടി വരണ്ടതാകാനും പ്രകൃതിദത്ത എണ്ണകൾ ഇല്ലാതാക്കാനും കാരണമാകും. കൃത്യമായ ശുചിത്വം പാലിക്കുകയും ശരീരത്തിൽ ആവശ്യമായ അളവിൽ ജലാംശം നിലനിർത്തേണ്ടതും പ്രധാനമാണ്. ഇത് കാലാവസ്ഥ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ തടയാൻ സഹായിക്കും.
താരൻ ഒഴിവാക്കാനുള്ള പൊടിക്കൈകൾ
വെളിച്ചെണ്ണയും നാരങ്ങാ നീരും
2 സ്‌പൂൺ വെളിച്ചെണ്ണ ചൂടാക്കിയതിന് ശേഷം അതേ അളവിൽ നാരങ്ങാ നീര് ചേർത്ത് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.
ഉലുവ
രണ്ട് ടേബിൾ സ്‌പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർക്കുക. പിറ്റേന്ന് ഇത് കഞ്ഞിവെള്ളം ചേർത്ത് എന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
തൈര്
തൈര് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.
മൈലാഞ്ചി
മൈലാഞ്ചി നന്നായി അരച്ചെടുത്തതിന് ശേഷം ഇതിലേക്ക് അൽപം നാരങ്ങാ നീരും തൈരും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം 8 മണിക്കൂർ മാറ്റി വയ്ക്കാം. ശേഷം തലയോട്ടിയിലും മുടിയിലും പുരട്ടി 2 മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : മുടി നേർത്തതാകുന്നത് തടയാനും കട്ടി കൂട്ടാനും ചില ലളിതമായ മാർഗങ്ങൾ ഇതാ